ക്യാന്‍സര്‍ റേഡിയേഷന്‍ ചികിത്സയ്ക്കുള്ള അത്യാധുനിക സംവിധാനമായ ട്രൂബീം എസ്.ടി.എക്സ് 3.0 ലീനിയര്‍ ആക്സിലേറ്ററുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്റര്‍. ഗ്ലോബല്‍ പ്രൈവറ്റ് ഇക്വിറ്റി ഫേം ബ്ലാക്ക്സ്റ്റോണ്‍ പിന്തുണയ്ക്കുന്ന ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഭാഗമായാണ് തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം. കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി, ബ്ലാക്ക്‌സ്റ്റോൺ സീനിയർ മാനേജിങ് ഡയറക്ടർ ഗണേഷ് മണി, കിംസ്‌ഹെല്‍ത്ത് (ക്യാന്‍സര്‍ സെന്റര്‍, സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്ജി) സി.ഇ.ഒ രശ്മി ആയിഷ എന്നിവരുടെ സാന്നിധ്യത്തിൽ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ക്യാന്‍സര്‍ റേഡിയേഷന്‍ ചികിത്സാ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും നൂതനവും കൃത്യതയാര്‍ന്നതുമായ സംവിധാനമാണ് കിംസ്ഹെല്‍ത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആരോഗ്യസംരക്ഷണം, സാക്ഷരത തുടങ്ങിയ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും ഏറ്റവും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ നമുക്കുള്ളതിനാല്‍ ഏതു രോഗത്തെയും നമ്മള്‍ അതിജീവിക്കാന്‍ പര്യാപ്തരാണെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്നതും സഹായിക്കുന്നതുമാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം അതിന് മാതൃകയാണ് കിംസ്‌ഹെല്‍ത്തിലെ ചികിത്സ. മരുന്നുകള്‍ക്ക് ഭേദപ്പെടുത്താവുന്നതിനപ്പുറം രോഗീ പരിചരണത്തില്‍ കരുതലോടെയുള്ള ഒരു മാനുഷിക മുഖമാണ് കിംസ്‌ഹെല്‍ത്തില്‍ ലഭ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യരംഗത്തെ മികവിന്റെ അടയാളമായാണ് കിംസ്‌ഹെല്‍ത്തിലെ പുതിയ ചികിത്സാ സംവിധാനങ്ങള്‍ രോഗീപരിചരണത്തിനായി തയാറാകുന്നതെന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും റേഡിയേഷന്‍ ചികിത്സ അനിവാര്യമായി വരാറുണ്ട്. അതിനാല്‍ത്തന്നെ സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് ലഭ്യമായതില്‍ ഏറ്റവും നൂതനവും ഫലപ്രദവുമായ ചികിത്സാസംവിധാനങ്ങള്‍ താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കേണ്ടതുണ്ട്. 24 മണിക്കൂറും സേവന സന്നദ്ധരായ കിംസ്‌ഹെല്‍ത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മികവുറ്റ പരിചരണം ലഭ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഡിയേഷന്‍ ചികിത്സയ്ക്കായി അത്യാധുനിക സര്‍ഫേസ് ഗൈഡഡ് റേഡിയോ തെറാപ്പി (എസ്ജിആര്‍ടി) സാങ്കേതികവിദ്യയോട് കൂടിയ ഈ പുതിയ ചികിത്സാ സംവിധാനം നമ്മുടെ നാടിന്റെ ആരോഗ്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി പറഞ്ഞു. വിവിധ റേഡിയേഷന്‍ ചികിത്സാ രീതികളെപ്പറ്റിയും അദ്ദേഹം വിശദമായി ചടങ്ങില്‍ സംസാരിച്ചു.
പുതുതായി സ്ഥാപിച്ച ട്രൂബീം സാങ്കേതിക വിദ്യയിലൂടെ ശ്രമകരമായി എത്തിപ്പെടേണ്ട ക്യാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങളില്‍ പോലും ഫലപ്രദമായി റേഡിയേഷന്‍ നല്‍കുവാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. പാര്‍ശ്വഫലങ്ങള്‍ വളരെ കുറവുള്ളതും ചികിത്സാ സമയം ഗണ്യമായി കുറവുള്ളതുമായ റേഡിയേഷന്‍ തെറാപ്പിയുടെ അതിനൂതനവും വേഗമേറിയതുമായ സംവിധാനമാണിത്.
കൂടാതെ ക്യാന്‍സര്‍ ബാധിച്ച ശരീരഭാഗങ്ങളുടെ സമീപത്തുള്ള കോശങ്ങള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ അപകടമില്ലാത്ത രീതിയില്‍ അത്യധികം സൂക്ഷ്മതയോടെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക. ലീനിയര്‍ ആക്സിലേറ്ററിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന സിസിടിവി മുഖേനയും മറ്റ് അനുബന്ധ ഉപകരണങ്ങളിലൂടെയും രോഗിക്ക് മെഡിക്കല്‍ സംഘവുമായി നിരന്തരം ആശയവിനിമയവും സാധ്യമാണ്. കൂടാതെ റേഡിയേഷന്‍ ചികിത്സയ്ക്കിടയില്‍ രോഗിക്ക് സംഗീതം ആസ്വദിക്കുവാനായി ഇന്‍-ബില്‍റ്റ് മ്യൂസിക് സിസ്റ്റവും സജ്ജമാക്കിയിട്ടുണ്ട്. ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, തല, കഴുത്ത് എന്നിവിങ്ങളിലുണ്ടാകുന്ന ക്യാന്‍സര്‍ തുടങ്ങി എല്ലാവിധ സങ്കീര്‍ണ്ണ ക്യന്‍സറുകളെയും ഈ സംവിധാനത്തിലൂടെ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കും.
30 വര്‍ഷത്തിലധികമായി റേഡിയേഷന്‍ ഓങ്കോളജി മേഖലയില്‍ അതുല്യ സംഭാവനകള്‍ നല്‍കി വരുന്ന സീനിയര്‍ ഓങ്കോളജിസ്റ്റ് ഡോ. ജയപ്രകാശ് മാധവനെ ചടങ്ങില്‍ ആദരിച്ചു. കിംസ്‌ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ജോണ്‍ സെബാസ്റ്റിയന്‍, ഡോ. ജയപ്രകാശ് മാധവന് ആദരമര്‍പ്പിച്ച് സംസാരിച്ചു. കിംസ്‌ഹെല്‍ത്ത് (ക്യാന്‍സര്‍ സെന്റര്‍, സി.എസ്.ആര്‍ ആന്‍ഡ് ഇ.എസ്ജി) സി.ഇ.ഒ രശ്മി ആയിഷ സ്വാഗതം പറഞ്ഞു.