കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തന ലാഭം 193 കോടിയായി.

കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (KFC) പ്രവർത്തന ലാഭം 193 കോടിയായി. മുൻവർഷം 153 കോടിയായിരുന്നു. അറ്റാദായം 13.17 കോടിയായും ഉയർന്നു.
മുൻവർഷം ഇത്‌ 6.58 കോടിയായിരുന്നു. നിഷ്‌ക്രിയ ആസ്തി (എൻപിഎ) 3.58ൽനിന്ന് 3.27 ശതമാനമായി കുറഞ്ഞു. സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദത്തിലായിട്ടും കെ‌എഫ്‌സിക്ക് പ്രകടനം മെച്ചപ്പെടുത്താനായെന്ന്‌ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.

കോവിഡിൽ കുടിശ്ശികക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ, അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിച്ചു. വായ്പാ ആസ്തി 4751 കോടിയായി. കെഎഫ്സിയുടെ മൊത്തംമൂല്യം 2.46 ശതമാനം വർധിച്ച് 695 കോടി രൂപയായി.
ഇടത്തരം മേഖലകളെയും സ്റ്റാർട്ടപ്പുകളെയും കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞവർഷം വായ്പ. ഈ മേഖലയിൽ 1877 കോടി രൂപ നൽകി. കോവിഡ് പ്രതിസന്ധിയിലാക്കിയ എംഎസ്‌എംഇകൾക്ക്‌ പലിശ നിരക്ക് കുറച്ചിരുന്നു.

എംഎസ്‌എംഇ, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളിൽ 20 ശതമാനം അധിക വായ്‌പയും 26 സ്റ്റാർട്ടപ്പിന്‌ 27.6 കോടിരൂപ ഈടില്ലാതെയും വായ്പ നൽകി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ 1969 വ്യവസായങ്ങൾക്കു അഞ്ചു ശതമാനം പലിശയിൽ ഒരു കോടി രൂപവരെ വായ്പ നൽകി.
വായ്‌പാ ആസ്തി 10000 കോടി രൂപയാക്കാനാണ്‌ കെഎഫ്‌സി ലക്ഷ്യമിടുന്നത്. മുൻനിര കോർ ബാങ്കിങ്‌ സൊല്യൂഷനുകളിലൊന്നായ (സിബിഎസ്) ഫിനാക്കിളിലേക്ക് ഈ വർഷം കെഎഫ്‌സി മാറുമെന്നും സഞ്ജയ് കൗൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *