അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നെത്തും

കോഴിക്കോട്: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ ഇന്നുമുതലെത്തും. സ്വന്തം നാട്ടിലേക്ക് വരാൻ നോർക്ക മുഖേന രജിസ്റ്റർ ചെയ്തവർക്ക് യാത്ര പാസ് നൽകിത്തുടങ്ങി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ 6 അതിർത്തികളിലെ പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ എത്തിക്കുക.

ആരോഗ്യപരിശോധന, വാഹനങ്ങൾ അണുവിമുക്തമാക്കൽ തുടങ്ങി സംസ്ഥാനത്തേക്കു കടത്തിവിടുന്നതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കി.

തിരുവനന്തപുരത്തെ ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കിയിലെ കുമളി, പാലക്കാട്ടെ വാളയാർ, വയനാട്ടിലെ മുത്തങ്ങ, കാസർകോട്ടെ മഞ്ചേശ്വരം എന്നീ അതിർത്തികവാടങ്ങൾ വഴിയാണ് എത്തിക്കുക. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് അതിർത്തിയിലെത്താനുള്ള അനുമതി.

തിങ്കളാഴ്ച മുത്തങ്ങ ഒഴികെയുള്ള സ്ഥലങ്ങളിൽ രാവിലെമുതൽ ആളുകളെത്തും. മുത്തങ്ങയിൽ പരിശോധനയ്ക്കുള്ള ഒരുക്കങ്ങൾ കുറച്ചുകൂടി പൂർത്തിയാക്കാനുള്ളതിനാൽ ഉച്ചമുതലേ നടപടി തുടങ്ങൂ.

മടങ്ങിവരാൻ 1,50,054 പേരാണ് ഇതിനകം നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പാസ് ലഭിച്ചശേഷമേ യാത്ര പുറപ്പെടാൻ പാടുള്ളൂവെന്നാണ് സർക്കാർ നൽകുന്ന നിർദേശം. സംസ്ഥാനത്തിന്റെ പരിശോധന പൂർത്തിയാക്കിയശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലോ പ്രത്യേക കേന്ദ്രത്തിലോ ക്വാറന്റൈനിലാക്കും. ഇവരെ മൊബൈൽ നമ്പർ ഉപയോഗിച്ച് പിന്തുടരും. പ്രാദേശികമായി ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുകയും ചെയ്യും.

വരുന്നവരുടെ ശ്രദ്ധയ്ക്ക്

* യാത്രാ പെർമിറ്റ് കരുതണം.

* അഞ്ചുസീറ്റ് വാഹനത്തിൽ നാലുപേർ, ഏഴുസീറ്റ് വാഹനത്തിൽ അഞ്ചുപേർ, വാനിൽ പത്തുപേർ, ബസിൽ 25 പേർ എന്നിങ്ങനെയാണ് യാത്രചെയ്യേണ്ടത്.

* പുറപ്പെടുന്ന സംസ്ഥാനങ്ങളിൽനിന്ന് യാത്രാനുമതി വേണമെങ്കിൽ അത് നേടണം.

* അതിർത്തിവരെ വാടകവാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിനുള്ള വാഹനം ക്രമീകരിക്കണം.

കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഈ ഡ്രൈവർ വെബ്സൈറ്റിലൂടെ അതത് കളക്ടർമാരിൽനിന്ന് എമർജൻസി പാസ് നേടിയിരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *