സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്നും സഹായം തേടാന്‍ കേരളം. സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ കെ വി തോമസിനെയാണ് സംസ്ഥാനം ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തും. ദേശീയ പാത വികസനത്തിന് ചെലവഴിച്ച പണം കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാണം എന്ന ആവശ്യമാകും പ്രധാനമായും കെ വി തോമസ് കേന്ദ്രത്തെ ധരിപ്പിക്കുക. 5580 കോടി രൂപ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലൂന്നിയാകും ചര്‍ച്ച നടത്തുക. വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് ചര്‍ച്ചയ്ക്ക് ശേഷം മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കടുത്ത ചെലവുചുരുക്കലിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, ഫര്‍ണീച്ചര്‍ വാങ്ങല്‍, വാഹനം വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവിറക്കിയത്.

ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികള്‍ ചെലവഴിച്ച് ‘കേരളീയം’ എന്ന പേരില്‍ സംഘടിപ്പിച്ച ധൂര്‍ത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. കേരളീയത്തിന് ആരൊക്കെയാണ് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയത്? അതിന്റെ വിശദവിവരങ്ങളും പുറത്ത് വിടണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *