ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെ ;ശശി തരൂർ എം പി

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെയാണ്. അതിനാൽ പ്രമേഹ ഗവേഷണം കൂടുതൽ ഊർജിതപ്പെടുത്തണമെന്നും ഡോ. ശശി തരൂർ എം പി പറഞ്ഞു. പി. കേശവദേവ് ട്രസ്റ്റും, ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന പ്രമേഹമാസ ബോധവൽക്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നതിലും പ്രമേഹരോഗം ഉള്ളവരിൽ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ വർധിക്കുന്നതിലും കേരളം തന്നെയാണ് മുന്നിൽ. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടർമാർ ഇത് ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ഡോ. ശശി തരൂർ പറഞ്ഞു.

ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ നടത്തി വരുന്ന ലോകോത്തര നിലവാരമുള്ള പ്രമേഹ ഗവേഷണങ്ങൾ ശശി തരൂർ അഭിനന്ദിക്കുകയും അതു കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ 20 വർഷങ്ങളായാണ് കേശവദേവ് ട്രസ്റ്റ് പ്രമേഹ ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നത്.

കേശവദേവ് ട്രസ്റ്റ് സംഘടിപ്പിച്ച 44 ഓളം പ്രമേഹത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികളിലൂടെ ലക്ഷങ്ങളിലേക്കാണ് വ്യായാമം, ഭക്ഷണക്രമീകരണം, കൃത്യമായ രക്ത പരിശോധന തുടങ്ങിയ ആരോഗ്യസന്ദേശങ്ങൾ എത്തിക്കുവാൻ സാധിച്ചത്.

തിരുവന്തപുരം പി.കേശവദേവ് ഹാളിൽ വച്ച് നടന്ന ഹൈബ്രിഡ് സമ്മേളനത്തിൽ 425 ഓളം ഡോക്ടർമാർ പങ്കെടുത്തു. ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുൺ ശങ്കർ, ഡോ ആശാ ആഷിക്ക് ഡോ. ഗോപിനാഥൻ നായർ, ഡോ. ആനന്ദ് പിള്ള, ഡോ. ശ്യാം സുന്ദർ, ഡോ. സുമേഷ് രാജ്, ഡോ. ബെന്നി പി. വി ഡോ.സുനിൽ പ്രശോഭ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *