വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധം , കേന്ദ്രത്തിന് കത്തയച്ച് കേരളം

വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍ പെടുത്തരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രധനമന്ത്രിക്കയച്ച് കത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൂടുമെന്നും കേരളം കത്തില്‍ പറയുന്നു.

കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുകയാണ് കേരളത്തിന്റെ നിലവിലെ തീരുമാനം. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത 14000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് കേന്ദ്രം കുറവ് വരുത്തിയത്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് നടപടിയെന്നും കേരളമയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

14,000 കോടിയില്‍ 9000 കോടി ഇതിനകം തിരിച്ചടച്ചതായി ധനവകുപ്പ് നേരത്തെ വ്യക്തമാക്കിയത്. തിരിച്ചടവ് കണക്കാക്കാതെ മൊത്തം തുകയും ബാധ്യതയായിക്കണ്ടുള്ള തീരുമാനങ്ങളാണ് കേന്ദ്രത്തിന്റേത്. കിഫ്ബിക്കും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും നല്‍കിയ ഗ്യാരണ്ടി സര്‍ക്കാര്‍ കടബാധ്യതയാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇതുവഴി കേരളത്തിന് ഉണ്ടായത് 14000 കോടിയുടെ കടബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *