
തിരുവനന്തപുരം: പി സി തോമസ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ഇടതുമുന്നണി വ്യക്തമാക്കി. ഇടുക്കി അല്ലങ്കില്‍ കോട്ടയം സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പി സി തോമസ് ഇടതുമുന്നണിയെ സമീപിച്ചത്.
ഉഭയകക്ഷി ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതായി പി സി തോമസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സീറ്റ് നല്‍കാന്‍ കഴിയില്ലങ്കില്‍ തങ്ങള്‍ക്കു താല്‍പര്യമുള്ളയാളെ ഇടുക്കിയില്‍ പരിഗണിക്കണമെന്നും തോമസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സി പി എം നേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല.
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസറായ അഡ്വക്കേറ്റ് ജോയ്‌സ് ജോര്‍ജിനെ ഇടതുമുന്നണി പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോയ്‌സിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇടതുമുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയെ അറിയിച്ചതായാണ് സൂചന.
