വനിതയെന്ന പരിഗണന പോലും നൽകാതെ വീണാ ജോർജിനെ ആക്രമിക്കുന്നത് സാമാന്യനീതിയുടെ ലംഘനം -പി.രാമഭദ്രൻ


തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദൗർഭാഗ്യകരവും യാദൃശ്ചികവുമായ ഒരു ദുരനുഭവത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ ആരോഗ്യമേഖലയെയാകെ അപകീർത്തിപ്പെടുത്തും വിധം പ്രചരണം നടത്തുന്നതും ഒരു വനിതയെന്ന പരിഗണന പോലും നൽകാതെ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ ആക്രമാസക്തമായ സമരങ്ങൾ അഴിച്ചുവിടുന്നതും സാമാന്യ നീതിയുടെ ലംഘനമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ. ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു.


കേരള ദലിത് മഹിളാ ഫെഡറേഷൻ (കെ.ഡി എം.എഫ് ) സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


തികച്ചും ഭദ്രമായ ആരോഗ്യപരിപാലന സംവിധാനം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണു കേരളം. കേരളത്തിലെ പൊതുവിതരണ സംവിധാനവും പൊതുജനാരോഗ്യ കേന്ദ്രങ്ങളും വളരെ നേരത്തേതന്നെ മാതൃകാപരമെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ പോരായ്മകൾ ഉണ്ടാവാം അത് പരിഹരിച്ചു മുന്നോട്ടു പോകുന്നതിനു പകരം പൊതുജനാരോഗ്യരംഗമാകെ അരാജകത്വത്തിലാണെന്നു പ്രചരിപ്പിക്കുന്നതിനു പിന്നിൽ പൊതുതാല്പര്യ മല്ലെന്നത് ഇതിനോടകമുള്ള സമരങ്ങളിൽ നിന്ന് വ്യക്തമാണ്. സാധാരണ ജനങ്ങളുടെ അത്താണിയായ സർക്കാർ ആശുപത്രികളെ തകർക്കുന്ന നിലപാടുകളെ ചെറുത്തു തോൽപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

വീണ ജോർജ് സേവന തല്പരയായ മന്ത്രിയാണ്. അവർക്കെതിരെ നടത്തുന്ന സൈബർ ആക്ഷേപങ്ങളും ആക്രമണ ങ്ങളും സാമാന്യ മര്യാദയുടെ അതിരുകൾ ലംഘിക്കാതിരിക്കാൻ പ്രതിപക്ഷ നേതാക്കൾ ശ്രദ്ധിക്കണമെന്നും പി.രാമഭദ്രൻ പറഞ്ഞു.

നേതൃ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സരസ്വതി അധ്യക്ഷത വഹിച്ചു. ഡോ.വിനീത് വിജയൻ, ഉഷാ രാജു, ഡോളി പ്രേംഫാസിൽ,ഷിജി സുരേഷ്, എസ്. പി.ശാലിനി, പ്രജിത തുവക്കാട്, സി. കെ സുശീല, മീനാക്ഷി പുല്ലൂർ, എ. വി. ചന്ദ്രിക, ഗീതാ ബാബു, മജീന ദിലീപ്, ബിന്ദു പി.വിനോദ്, ഐവർകാലദിലീപ്, ലെന ശിവകുമാർ, വി.എസ് പത്മകുമാരി, സാജൻ പഴയിടം, വെങ്ങാനൂർ സുരേഷ്,എം.കെ മഞ്ജു, എം.ബിനാൻസ്, ശൂരനാട് അജി, ലിബിൻ സഖായി,പ്രമീളാലാൽ, കൈരളി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.



Sharing is Caring