
സെലിബ്രിട്ടി പദവിയിലിരുന്നിട്ടും താരജാഡകളൊന്നും ഇല്ലാതെ സാധാരണക്കാരനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയയെന്ന് കെ.ബി ഗണേഷ് കുമാർ.‘സത്യം പറയുന്ന, ന്യായത്തിന് വേണ്ടി നിലകൊള്ളുന്ന, കാപട്യമില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അത് തന്നെയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കുന്നതും. എല്ലാ സാംസ്‌കാരിക-സാഹിത്യ പ്രവർത്തനങ്ങളിൽ മാമുക്കോയയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. നാട്ടിൽ അങ്ങനെ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി വേറെയുണ്ടാകില്ല.
ചെറിയ കലാകായിക പരിപാടികളിൽ പോലും പങ്കെടുക്കാൻ സമയം കണ്ടെത്തിയ വ്യക്തിയായിരുന്നു. അടുത്തിടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ വേഷം ഒപ്പം എന്ന ചിത്രത്തിലെയായിരുന്നു. മലയാള സിനിമയുടെ ഹാസ്യ ലോകത്തെ വലിയ നഷ്ടമാണ് മാമുക്കോയ. നഷ്ടമായത് സ്‌നേഹനിധിയായ സഹോദരനെയാണ്’- ഗണേഷ് കുമാർ പറഞ്ഞു.ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.

