കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രധാന പ്രതി പി സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് എതിര്‍ സത്യവാങ്മൂലം നല്‍കിയേക്കും. കേസിന്റെ ഗൗരവസ്ഥിതി സംബന്ധിച്ചും പി സതീഷ് കുമാറിന്റെ പങ്കിനെക്കുറിച്ചും ഇ ഡി കോടതിയില്‍ മറുപടി നല്‍കും.
കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് ജാമ്യം നല്‍കരുതെന്നാണ് ഇ ഡിയുടെ വാദം. കൊച്ചി അസിസ്റ്റന്റ് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ എറണാകുളം പ്രത്യേക പിഎംഎല്‍എ കോടതി പി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷന്‍ ഉള്‍പ്പടെയുള്ളവര്‍ സതീഷ് കുമാറിന്റെ ബിനാമി ആയിരുന്നുവെന്നും കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന വാദമാണ് ഇ ഡി ഉന്നയിക്കുന്നത്. ഇതിനായി സഹോദരന്‍ പി ശ്രീജിത്തിനെ മുന്നില്‍ നിര്‍ത്തി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇ ഡി പറയുന്നു.













