കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍


സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍. ജന്തര്‍മന്തറില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ‘ചലോ ഡല്‍ഹി’ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം കടുത്ത അവഗണന നേരിടുകയാണെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ പരാതി.


ബുധനാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍, കോണ്‍ഗ്രസ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ ബെംഗളൂരുവില്‍ നിന്ന് ഇന്നലെ തന്നെ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.


പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങള്‍ക്കും കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ക്കും കത്ത് നല്‍കിയിരുന്നു. ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാന്റുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയില്‍ അര്‍ഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 201718 മുതല്‍ കര്‍ണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിദ്ധരാമയ്യ കത്തില്‍ ചൂണ്ടിക്കാട്ടി. ധനമന്ത്രി നിര്‍മ്മല സീതാരാമനോടും പ്രതിഷേധത്തില്‍ പങ്കെടുക്കാനും കത്തില്‍ അഭ്യര്‍ത്ഥിച്ചു.



Sharing is Caring