കാന്താരയിലെ ‘വരാഹ രൂപം’ പാട്ട് കോപ്പിയടി;നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കോപ്പിയടി വിവാദത്തില്‍ കുടുങ്ങി റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’യിലെ ‘വരാഹ രൂപം’ പാട്ട്.’നവരസം’ എന്ന പാട്ട് അതേ പടി പകര്‍ത്തിയതാണെന്ന് ആരോപിച്ച്‌ പ്രമുഖ ബാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തി. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നതെന്നും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.

തൈക്കുടം ബ്രിഡ്ജ് പങ്കുവച്ച കുറിപ്പ്

തൈക്കുടം ബ്രിഡ്ജിന് കാന്താരയുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് പ്രേക്ഷകര്‍ അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നവരസവും വരാഹ രൂപവും തമ്മില്‍ ഒഴിവാക്കാനാകാത്ത ചില സമാനതകള്‍ കണ്ടെത്തി. ഇത് പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിയെ നീങ്ങും.

പാട്ടില്‍ ഞങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കാന്താരയുടെ പിന്നണി പ്രവര്‍ത്തകര്‍ എവിടെയും പ്രതിപാദിച്ചിട്ടില്ല. യാതൊരു അംഗീകാരവും കിട്ടിയിട്ടുമില്ല. മാത്രവുമല്ല, സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഇത് തങ്ങളുടെ സ്വന്തം സൃഷ്ടിയായി എല്ലായിടത്തും പ്രചരിപ്പിക്കുന്നു. ശ്രോതാക്കളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ഇക്കാര്യം പ്രചരിപ്പിക്കണമെന്നു നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.

അതേസമയം, പാട്ട് കോപ്പിയടിച്ചിട്ടില്ല എന്ന വാദവുമായി ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ പാട്ടില്‍ സമാനതകള്‍ തോന്നുന്നതാണെന്നും അജനീഷ് പറഞ്ഞു. സായ് വിഘ്‌നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *