കണിച്ചുകുളങ്ങര കേസ് :ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കണിച്ചിക്കുളങ്ങര കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ കെ.എം.ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

2006 മുതല്‍ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഉണ്ണിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കേസിലെ സാഹചര്യം വ്യത്യാസമാണെന്നും ജാമ്യം അനുവദിച്ചാല്‍ അത് നിയമവ്യവസ്ഥയെ അപഹസിക്കലാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കെതിരെ ഉണ്ണിയുള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉണ്ണിയുടെ ആവശ്യം.

2005 ജൂലായ് 20-നാണ് കണിച്ചുകുളങ്ങര കവലയില്‍ ആസൂത്രിത അപകടത്തില്‍ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.ഉണ്ണിക്ക് വേണ്ടി അഭിഭാഷകന്‍ രഞ്ജിത് മാരാരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദുമാണ് ഹാജരായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *