നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന കലാഭവൻ മണി ഫൗണ്ടേഷൻ മണിരത്ന പുരസ്കാരം റംഷി പട്ടുവത്തിന്

നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്ക് കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന മണിരത്ന പുരസ്കാരം മലബാറിൻ്റെ നാടൻപാട്ട് സുൽത്താൻ റംഷി പട്ടുവത്തിന് ലഭിച്ചു. മാർച്ച് രണ്ടാം വാരം തൃശൂരിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ സിനിമാ താരങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും.

തളിപ്പറമ്പ് പട്ടുവം കാവുങ്കലിൽ ടി അസൈനാറിൻ്റെയും എം പി ഫാത്തിമയുടെയും മകനായ റംഷി പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ രക്ഷിതാക്കളോടൊപ്പം കൃഷിപ്പണിയും ചെയ്യുമായിരുന്നു. പട്ടുവം വയലിലെ കൃഷി പണിക്കിടയിൽ ഉമ്മയും കൂട്ടുകാരും പാടുന്ന വടക്കൻപാട്ടുകളും നാട്ടിപ്പാട്ടുകളും കേട്ട് നാടൻ പാട്ടിനോട് കമ്പം മൂത്താണ് റംഷി പതിയെ നാടൻ പാട്ടുകാരനായത്.നാടൻ പാട്ടുസമിതികളിലൂടെ വേദികളിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ചു തുടങ്ങിയതോടെ പാട്ടു പരിശീലകനായും ശ്രദ്ധിക്കപ്പെട്ടു.

കേരളോത്സവം, വിദ്യാരംഗം കലാ സാഹിത്യോത്സവം, സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി കലോത്സവങ്ങൾ, ഇൻ്റർപോളി കലോത്സവം, ആരോഗ്യ സർവ്വകലാശാലാ കലോത്സവം തുടങ്ങിയ മത്സരങ്ങളിലൊക്കെയും നാടൻപാട്ട് ജീവവായു ആക്കി മാറ്റിയ ഈ യുവാവിൻ്റെ ശിഷ്യർ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിലും ഇദ്ദേഹത്തിൻ്റെ ശിക്ഷണത്തിലൂടെ വേദിയിലെത്തിയ കല്യാശേരി ആംസ്റ്റക്ക് കോളജ് ടീമിനായിരുന്നു നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം.

ആയിരത്തിൽപരം തനത് പാട്ടുകൾ ശേഖരിക്കുകയും പുതുതലമുറകളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന മണ്ണിൻ്റെ മണമുള്ള ഈ കലാകാരന് 2014ൽ കേരള നാടൻ കലാ അക്കാദമി യുവപ്രതിഭ പുരസ്കാരവും 2020ൽ അവാർഡും നേടിയിട്ടുണ്ട്. 2018ൽ കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് ,2023 ൽ പാട്ടുകൂട്ടം മണിമുഴക്കം അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
പ്രളയാനന്തരം വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പും യൂണിസെഫും ചേർന്ന് രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ നാട്ടുപാട്ടരങ്ങിൻ്റെ ഓളങ്ങളൊരുക്കിയ ഈ യുവപ്രതിഭ ആഫ്രിക്കയിലും സൗദി അറേബ്യ, അജ്മാൻ , അബുദാബി, മസ്കറ്റ്, ദുബൈ, ഷാർജ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നാടൻപാട്ടരങ്ങുകളും ശിൽപ്പശാലകളും നടത്തിയിട്ടുണ്ട്.

നിരവധി സംസ്ഥാനമേളകൾക്കുൾപ്പെടെ വിധികർത്താവായും സേവനമനുഷ്ടിച്ചിട്ടുള്ള റംഷി പട്ടുവം അനശ്വര നടൻ പാട്ടുകലാകാരനും സിനിമാതാരവുമായ കലാഭവൻ മണിയോടൊപ്പം കൈരളി ടി വി മണിമേളത്തിൽ ചുവട് വെച്ച് പാടിയിട്ടുണ്ട്.

മലബാറിലെ പ്രമുഖ നാടൻപാട്ട് ഗ്രൂപ്പായ മയ്യിൽ അഥീന നാടക- നാട്ടറിവ് വീടിൻ്റെ തിറയാട്ടം ഫോക്ക് മെഗാഷോ, നാട്ടുമൊഴി നാടൻപാട്ട് മേള, പട്ടുറവ നാടൻ പാട്ടരങ്ങ് തുടങ്ങിയ കലാവതരണങ്ങളുടെ പ്രധാന പാട്ടുകാരനും പാട്ടു പരിശീലകനുമാണ്.

.

Spread the love

Leave a Reply

Your email address will not be published. Required fields are marked *