ജോജു ജോര്‍ജ് പ്രകടിപ്പിച്ചത് സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷം; ജോയ് മാത്യു

കാലത്തിന് നിരക്കുന്നതാവണം സമരങ്ങളും പ്രക്ഷോഭങ്ങളുമെന്ന് നടന്‍ ജോയ് മാത്യു. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ് പ്രകടിപ്പിച്ചതെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍:

ദണ്ഡിയാത്രികരും ജോജു ജോര്‍ജും

കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമുക്ക് കിട്ടിയ രാഷ്ട്രീയക്കാര്‍ എന്നത് നമ്മുടെ യോഗം. എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങള്‍. വഴി തടയല്‍, റോഡ് ഉപരോധിക്കല്‍, ഹര്‍ത്താല്‍ ഉണ്ടാക്കല്‍, അതിന്റെ പേരില്‍ കൊള്ള, കൊല അക്രമം തീവെപ്പ് ….ഇതൊക്കെയാണ് നിറയെ അണികളുള്ള പാര്‍ട്ടികള്‍ മുതല്‍ ഞാഞ്ഞൂല്‍ പാര്‍ട്ടികള്‍ വരെ കാട്ടിക്കൂട്ടുന്നത്.

ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ അധികം ഉണ്ടാവാറില്ല. lumpen എന്ന വാക്കിന്റെ അര്‍ഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല. മനുഷ്യജീവനോ , സമയത്തിനോ യാതൊരു വിലയും കല്‍പ്പിക്കാത്ത ഇജ്ജാതി ആള്‍ക്കൂട്ടങ്ങള്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. ഇവര്‍ക്കെല്ലാം ഒറ്റ മുഖമേയുള്ളു, മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം !

ക്രിമിനലുകളെ വോട്ട് നല്‍കി വിജയിപ്പിക്കുന്ന നാട്ടില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാന്‍. ഭരിക്കുന്നവര്‍ക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല; ചെയ്യുകയുമില്ല. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ‘ഒക്കെ കണക്കന്നെ ‘എന്ന് സാരം .

സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം. ഇന്നും ഉപ്പുകുറുക്കാന്‍ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്‌കാണ് വഴിതടയലും ഹര്‍ത്താലുമെന്ന് നിരവധി പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇജ്ജാതി സമരങ്ങള്‍ക്ക് ബലിയാടാകുന്ന ആര്‍ക്കും ഉണ്ടാവുന്ന ധാര്‍മ്മിക രോഷമാണ് ജോജു ജോര്‍ജ് പ്രകടിപ്പിച്ചത്. പക്ഷേ ആള്‍ക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം, ഇല്ലെങ്കില്‍ ഈ മുഖമില്ലാത്ത ആള്‍ക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാന്‍ വരെ മടിക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *