ജോണ്‍ ഏബ്രഹാം വിവാഹിതനായി

John-Abrahamവാഷിങ്ടണ്‍: ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമും കാമുകി പ്രിയ രുഞ്ചലും വിവാഹിതരായി. അമേരിക്കയില്‍ രുഞ്ചലയ്‌ക്കൊപ്പം അവധിക്കാലം ചിലവിടുന്നതിനിടയിലായിരുന്നു വിവാഹവും.


കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെ ജോണ്‍ എബ്രഹാം തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരികരിച്ചത്. ‘എല്ലാവര്‍ക്കും നല്ല പുതുവര്‍ഷം നേരുന്നു, സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയുമാകട്ടെ ഈ വര്‍ഷം. സ്‌നേഹത്തോടെ ജോണും പ്രിയ ഏബ്രഹാമും’ എന്നായിരുന്നു ട്വീറ്റ്.


ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് സൂചന. 2010ലാണ് ജോണ്‍ സുഹൃത്തുക്കള്‍ വഴി പ്രിയയെ പരിചയപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ബിപാഷ ബസുവുമായുള്ള ഒന്‍പത് വര്‍ഷത്തെ പ്രണയബന്ധം ജോണ്‍ ഉപേക്ഷിച്ചത്.

ബന്ധുക്കള്‍ അംഗീകരിച്ച ബന്ധമായിരുന്നു ഇരുവരുടെതും. എന്നാല്‍ പ്രിയയെ കണ്ടുമുട്ടിയതോടെ ബിപാഷയെ വിവാഹം കഴിയ്ക്കാന്‍ കഴിയില്ലെന്ന് ജോണ്‍ വ്യക്തമാക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പ്രിയയാണ് ജോണിന്റെ പുതിയകാമുകിയെന്ന് വ്യക്തമായ ഉടന്‍തന്നെ ഇവരുടെ വിവാഹം ഉടന്‍ നടക്കുമെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.