സംഘർഷം അതിരൂക്ഷമായ ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിന് ശ്രമിക്കുമെന്ന് ജോ ബൈഡൻ

സംഘർഷം അതിരൂക്ഷമായി തുടരുന്ന ഗസ്സയിൽ ആറാഴ്ച വെടിനിർത്തലിന് ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റമദാനു മുന്നോടിയായി എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്.ആറാഴ്ചയെങ്കിലും ഉടനടിയും സുസ്ഥിരവുമായ വെടിനിർത്തൽ ഏർപ്പെടുത്താൻ അമേരിക്ക തുടർച്ചയായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.

അമേരിക്കയുടെ ഒത്താശയോടെ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊല തുടരുന്ന പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന.ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും സ്വാതന്ത്ര്യം, അന്തസ്സ്, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പാക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് യു.എസ് ലക്ഷ്യമാക്കുന്നതെന്നും സമാധാനത്തിലേക്കുള്ള ഏക പാത അതാണെന്നും ബൈഡൻ പറഞ്ഞു.കര, ആകാശം, കടൽ എന്നിവ വഴി ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം ലഭിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് അമേരിക്ക നേതൃത്വം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പവിത്രമായ മാസം പ്രതിഫലനത്തിനും നവീകരണത്തിനുമുള്ള സമയമാണ്. ഈ വർഷം അത് വളരെ വേദനാജനകമായ ഒരു നിമിഷത്തിലാണ് വരുന്നത്. ഗസ്സയിലെ യുദ്ധം പലസ്തീൻ ജനതയ്ക്ക് ഭയാനകമായ യാതനകൾ സൃഷ്ടിച്ചു. 30,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു.മുസ്‍ലിംകൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാരുടെ സംഭാവനകളിൽ പടുത്തുയർത്തപ്പെട്ട രാജ്യമായ അമേരിക്കയിൽ ഇസ്ലാമോഫോബിയയ്ക്ക് ഒരു സ്ഥാനവുമില്ല.

മുസ്‌ലിംകൾ, സിഖുകാർ, ദക്ഷിണേഷ്യക്കാർ, അറബ് അമേരിക്കൻ കമ്മ്യൂണിറ്റികൾ എന്നിവയ്‌ക്കെതിരായ വിദ്വേഷം എവിടെ സംഭവിച്ചാലും അതിനെ നേരിടാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ‘എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവും അനുഗ്രഹീതവുമായ ഒരു മാസം ആശംസിക്കുന്നു, റമദാൻ കരീം’ ബൈഡൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *