യുക്രെയിനുമേല്‍ റഷ്യയ്ക്ക് വിജയം അവകാശപ്പെടാനാവില്ലെന്ന് ജോ ബൈഡന്‍

യുക്രെയിന്‍ യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതീവ രഹസ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കീവിലെത്തിയത്.സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് വലിയ സുരക്ഷാ കവചങ്ങളില്ലാതെ ഒരു യുദ്ധഭൂമി സന്ദര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുക്രെയിന്‍ സന്ദര്‍ശനം അജണ്ടയില്‍ ഇല്ല എന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. എന്നാല്‍ അതീവ രഹസ്യ നീക്കത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് കീവില്‍ എത്തുകയായിരുന്നു.

കീവില്‍ സംസാരിക്കവെയായിരുന്നു റഷ്യക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ആഞ്ഞടിച്ചത്. റഷ്യ നടത്തിയ അതിക്രമങ്ങളെ യുക്രെയിന്‍ ജനത ശക്തമായി നേരിട്ടു. യുക്രെയിനുമേല്‍ ആക്രമണം നടത്താനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ തീരുമാനം തെറ്റായിരുന്നു. മാനുഷികതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ് റഷ്യ നടത്തിയത്. യുക്രെയിനുമേല്‍ ഒരു കാലത്തും റഷ്യക്ക് വിജയം അവകാശപ്പെടാന്‍ ആകില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. യുക്രെയിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പിന്തുണയാണുള്ളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു

യുക്രെയിനുമേല്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ നേരിട്ടുള്ള സഹായം യുക്രെയിന് ലഭിച്ചില്ല. ഇത് വലിയ വിമര്‍ശനമായി തുടരുമ്ബോള്‍ കൂടിയാണ് ജോ ബൈഡന്‍ യുക്രെയിനിന്റെ തലസ്ഥാനമായ കീവിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ണായക നീക്കം ജോ ബൈഡന്‍ നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *