കേരളത്തിലെ ഐ.ടി കമ്പനികള്‍ക്ക് ജൈടെക്‌സ് തുറന്നത് 1200ലധികം ബിസ്‌നസ് അവസരങ്ങള്‍

തിരുവനന്തപുരം; ദുബൈയിയിലെ വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ പ്രദര്‍ശനത്തില്‍ കേരളത്തിലെ ഐ.ടി കമ്പനികള്‍ സൃഷ്ടിച്ചെടുത്തത് 1200ലധികം ബിസ്‌നസ് അവസരങ്ങള്‍. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്ടോബര്‍ 16 മുതല്‍ 20വരെ നടന്ന പരിപാടിയില്‍ കേരളത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെയും അനുബന്ധ സാറ്റലൈറ്റ് പാര്‍ക്കുകളിലെയും 30 ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികളാണ് കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെയും കേരളത്തിലെ കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തില്‍ പങ്കെടുത്തത്. 180 രാജ്യങ്ങളില്‍ നിന്നായി 1,800ലധികം സ്റ്റാര്‍ട്ടപ്പുകളുള്‍പ്പടെ 6,000 പ്രദര്‍ശകരും 1,80,000 ടെക് എക്‌സിക്യൂട്ടീവ്‌സും ഇത്തവണത്തെ ജൈടെക്‌സ് ടെക് ഷോയില്‍ പങ്കെടുത്തു. കേരളത്തിലെ കമ്പനികള്‍ ജൈടെക്‌സില്‍ നിന്ന് 1280 ബിസ്‌നസ് അവസരങ്ങള്‍ സൃഷ്ടിക്കുകയും ഇതിനോടകം അഞ്ചു കമ്പനികള്‍ 6.5 കോടി രൂപയുടെ വ്യവയായം ഉറപ്പാക്കുകയും ചെയ്തു.

ത്രീഡി പ്രിന്റിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ക്ലൗഡ് ടെക്‌നോളജ്‌സ്, കംപ്യൂട്ടര്‍ ആന്‍ഡ് മൊബൈല്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് സോഫ്റ്റുവെയര്‍, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സെന്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഡ്രോണ്‍സ് ആന്‍ഡ് എ.വി, എന്റര്‍പ്രൈസ് സോഫ്റ്റുവെയര്‍, ഐ.ഒ.ടി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30 കമ്പനികളാണ് കേരളത്തില്‍ നിന്ന് ജൈടെക്‌സ് ടെക് ഷോയില്‍ പങ്കെടുത്തത്.

കേരളത്തിലെ ഐ.ടി കമ്പനികളുടെ കഴിവും പ്രാപ്തിയും ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ കിട്ടിയ വലിയ ഒരു അവസരമാണ് ജൈടെക്‌സെന്നും നമ്മുടെ കമ്പനികള്‍ ആ അവസരം നന്നായി ഉപയോഗപ്പെടുത്തിയെന്നും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. നിരവധി വ്യവസായ അവസരങ്ങള്‍ കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെയും ജിടെക്കിന്റെയും നേതൃത്വത്തില്‍ ജൈടെക്‌സില്‍ പങ്കെടുത്ത കമ്പനികള്‍ നേടിയെടുത്തു. എംപവറിങ്ങ് ദ ഫ്യൂച്ചര്‍ എന്ന ടാഗ് ലൈനോടുകൂടി കേരളാ ഐ.ടി പാര്‍ക്ക്‌സ് കേരളത്തിലേക്ക് കൂടുതല്‍ ഐ.ടി കമ്പനികളെ സ്വാഗതം ചെയ്യുകയാണെന്നും ധാരാളം തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനും ഐ.ടി വ്യവസായ മേഖലയില്‍ അനന്ത സാധ്യതകള്‍ കണ്ടെത്തുന്നതിനും ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ക്കും തുറന്നുകിട്ടിയ ഒരു വലിയ അവസരമാണണ് ജൈടെക്‌സെന്ന് ഇന്‍ഫോപാര്‍ക്ക് ആന്‍ഡ് സൈബര്‍പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. കേരളാ ഐ.ടി പാര്‍ക്കുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ധാരാളം ബിസ്‌നസ് അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും കമ്പനികളെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *