പിണറായിയില്‍ ഇറങ്ങാതെ അമിത് ഷാ മുങ്ങിയത് ജാഥയ്ക്ക് ആളില്ലാത്തതിനാലെന്ന് ദേശീയ മാധ്യമങ്ങള്‍


ജിഹാദി ഭീകരതയ്ക്കും ചുവപ്പ് ഭീകരതയ്ക്കുമെതിരെ കേരളത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജന രക്ഷായാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത്ഷാ പിന്‍വാങ്ങിയത് ജനപങ്കാളിത്തമില്ലാത്തതിനാലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ ദേശീയ അധ്യക്ഷന്‍ അടക്കം ജാഥയുടെ ഭാഗമാകുമെന്നാണ് ബിജെപി ആദ്യം പറഞ്ഞിരുന്നത് എന്നാല്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്ത് ദേശീയന്‍ അധ്യക്ഷന്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്രയില്‍ പങ്കാളിയായിരുന്നു.
സിപിഐഎമ്മിനെപ്പോലെ, ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ സംസ്ഥാനനേതൃത്വത്തിന് സാധിക്കാത്തതാണ് അമിത്ഷായെ ഡല്‍ഹിയിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നത്. ജാഥ കടന്നുപോയ വഴികളില്‍ഒന്നും ബിജെപിക്ക് പ്രതീക്ഷിച്ചത്ര ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.


അമിത്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ദിവസം നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതോടെ മാധ്യമങ്ങള്‍ യാത്രക്ക് വേണ്ടത്ര പിന്തുണയും നല്‍കിയില്ല. ഇതും അമിത്ഷായെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രധാനമന്ത്രി അടിയന്തിരമായി വിളിപ്പിച്ചതിനാലാണ് ഷാ തിരിച്ചുപോയതെന്നാണ് കുമ്മനത്തിന്റെ വാദം.

ആളില്ലാത്തുകൊണ്ടാണോ അമിത് ഷാ തിരിച്ചുപോയതെന്ന ചോദ്യത്തിന് ബിജെപി നേതാക്കള്‍ കൃത്യമായി മറുപടി പറയുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി ജാഥയുടെ സമാപന ദിവസം തിരുവനന്തപുരത്തായിരിക്കും അമിത് ഷാ എത്തുകയെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഷായുടെ പെട്ടെന്നുള്ള മടങ്ങിപ്പോക്ക് ജനരക്ഷാ യാത്രയുടെ പ്രാധാന്യം കുറയ്ക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മമ്പറം മുതല്‍ തലശേരി വരെ നടത്തിയ ജാഥയ്ക്കിടെ സിപിഐഎം കേന്ദ്രങ്ങളില്‍ കടകളടച്ചാണ് സ്വീകരിച്ചത്.



Sharing is Caring