രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിര്‍മ്മിക്കാനൊരുങ്ങി ഇസ്രായേല്‍


2017ന് ശേഷം ഇതാദ്യമായി രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഇസ്രായേല്‍. വെസ്റ്റ് ബാങ്കിലാകും ഇത് നിർമ്മിക്കുകയെന്ന് ഇസ്രായേലി സിവില്‍ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.പലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജെറുസലേമിനോട് ചേർന്ന് 148 ഏക്കർ സ്ഥലത്താകും നഹാല്‍ ഹെലെറ്റ്‌സ് എന്ന ഈ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നത്.അതേസമയം, നിർമ്മാണത്തിനുള്ള പെർമിറ്റും, സോണിംഗ് പ്ലാനുകളും ലഭിക്കുന്നത് കാലതാമസമെടുത്തേക്കുമെന്നും അതിനാല്‍ കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ സാധ്യമാകില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.


എന്നാല്‍ മേഖലയില്‍ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ പീസ് നൗ എന്ന സംഘടന രംഗത്തെത്തി. മേഖലയില്‍ ഇത്തരമൊരു കേന്ദ്രം നിർമ്മിക്കുന്നത് സുരക്ഷാ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും, സംഘർഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാമെന്നുമാണ് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള പ്രശസ്തമായ അഗ്രികള്‍ച്ചറല്‍ ടെറസുകള്‍ ഉള്‍പ്പെട്ട ബത്തീറിന് സമീപമാണ് ഇതിന്റെ നിർമ്മാണത്തിനായി ഇടം കണ്ടെത്തിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.


അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച്‌ അറിയിച്ചു. ഇസ്രായേലിനെതിരെയോ ജൂതന്മാർക്കെതിരെയോ ഉള്ള ഒരു നീക്കത്തിനും കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം തടയാനാകില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.



Sharing is Caring