ഗാസയിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍


ഗാസയില്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നതിനെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ ശക്തികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ജനവാസ മേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍.ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലുണ്ടായ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിയ കുട്ടികളടക്കം നിരവധി പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മേഖലയില്‍ ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.


ഇവിടുത്തെ അഭയാര്‍ത്ഥി ക്യാമ്ബുകളിലെ ടെന്റുകള്‍ മിക്കതും വെള്ളത്തില്‍ മുങ്ങി.ഗാസയിലെ പൗരന്മാരുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് നേരിട്ട് ചര്‍ച്ച നടത്താനിരിക്കെയാണ് റാഫയിലെ ആക്രമണം.


ഇതിനിടെ, വടക്കൻ ഗാസയിലെ ജബലിയയില്‍ കമാല്‍ അദ്‌വാൻ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രയേല്‍ സേന ജീവനക്കാരെ തടഞ്ഞുവച്ചെന്ന് ഹമാസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലടക്കം വൈദ്യുതി വിച്ഛേദിച്ചു. ആശുപത്രിക്കുള്ളില്‍ ഹമാസ് ഭീകരര്‍ ഒളിവിലുണ്ടെന്നും 70 പേര്‍ കീഴടങ്ങിയെന്നുമാണ് ഇസ്രയേലിന്റെ വാദം.

യു.എസിന് പിന്നാലെ ഇസ്രയേലിനെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച്‌ യു.കെ രംഗത്ത്. പാലസ്തീനികളുമായി ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കില്ലെന്ന യു.കെയിലെ ഇസ്രയേലി അംബാസഡര്‍ സിപ്പി ഹോറ്റോവെലിയുടെ പരാമര്‍ശം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തള്ളി.

സിപ്പിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ലെന്ന് ഋഷി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തോട് ഇസ്രയേല്‍ മുഖംതിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്‍ പാലസ്തീനികളെ ആക്രമിക്കുന്ന ഇസ്രയേലികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യു.കെ പ്രഖ്യാപിച്ചു.



Sharing is Caring