52ാമത് ദേശീയദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. രാജ്യമെമ്ബാടും ചുവപ്പും വെള്ളയും കലര്‍ന്ന ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞുകഴിഞ്ഞു.ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വൻതോതില്‍ ജനങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും 16 മുതല്‍ 18 വരെ അവധിയാണ്.ഇന്ന് രാത്രി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കരിമരുന്നുപ്രയോഗം നടക്കും.
ബഹ്‌റൈൻ പതാകയുടെ നിറത്തിലുള്ള വിളക്കുകളും പടൂകൂറ്റൻ ഡിസ്‌പ്ലേകളും ലാൻഡ്‌മാര്‍ക്കുകള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലെല്ലാം നിറഞ്ഞുകഴിഞ്ഞു. വാഹനങ്ങള്‍ പതാകയുടെ നിറത്തിലുള്ള സ്റ്റിക്കറുകള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കടകളില്‍ പതാക വില്‍പന കാര്യമായി നടക്കുന്നുണ്ട്. 500 ഫില്‍സ് മുതല്‍ 1.5 ദീനാര്‍ വരെ വിലയുള്ള പതാകകള്‍ ലഭ്യമാണ്. പരമ്ബരാഗത വസ്ത്രങ്ങളുടെയും മറ്റും കച്ചവടം വലിയതോതില്‍ നടക്കുന്നുണ്ട്.

ബഹ്‌റൈൻ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആൻഡ് ആൻറിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തില്‍ മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവല്‍ തുടങ്ങിയിട്ടുണ്ട്.23 വരെ മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക സാംസ്‌കാരിക പരിപാടികള്‍ നടക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിനും രാത്രി 10നും ഇടയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ സംഗീതപരിപാടികള്‍, കരകൗശല ശില്‍പശാലകള്‍, കുട്ടികളുടെ പരിപാടികള്‍ എന്നിവയടക്കം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റര്‍ മുതല്‍ വടക്ക് സിയാദി മജ്‌ലിസ് വരെ ഉത്സവപ്രതീതിയാണ്.
കാമില്‍ സഖറിയയുടെ ‘ആൻഡ് ഐ കീപ്പ് ഡീമാര്‍ക്കറ്റിങ്’ എക്‌സിബിഷൻ ബിൻ മാറ്റര്‍ ഹൗസില്‍ നടക്കും. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങള്‍ ഹൗസ് ഓഫ് ആര്‍ക്കിടെക്ചറല്‍ ഹെറിറ്റേജില്‍ എല്ലാ ദിവസവും നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കും. ജംഷീര്‍ ഹൗസില്‍ എല്ലാ ദിവസവും ‘മെറ്റീരിയല്‍ ആൻഡ് കണ്‍സര്‍വേഷൻ’ എന്ന പേരില്‍ പ്രദര്‍ശനം നടക്കും.
അല്‍ റിവാഖ് ആര്‍ട്ട് സ്പേസ് ആണ്. അമരത് ഫഖ്രോ I, ബ്ലോക്ക് 209 എന്നിവിടങ്ങളില്‍ ‘ഐ വിഷ് ഐ വാസ് എ ഡോവ് ഓണ്‍ എ സ്പാര്‍’ എന്ന രണ്ടു ഭാഗങ്ങളുള്ള പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴു മണിക്ക് ജംഷീര്‍ ഹൗസില്‍ മജ്‌ലിസ് ഉണ്ടായിരിക്കും. നിരവധി ക്രാഫ്റ്റ് വര്‍ക്ക്‌ഷോപ്പുകളും ദിവസേന നടക്കും. താമസക്കാരെയും പൗരന്മാരെയും സന്ദര്‍ശകരെയും പേളിങ് പാത്തിലേക്ക് ആകര്‍ഷിക്കാൻ നിരവധി ടൂര്‍ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.













