വീണ്ടും സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ് നടത്തി


വീണ്ടും സഹായം തേടിയെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ വെടിവെപ്പ് നടത്തി. ആക്രമണത്തില്‍ ഗാസയില്‍ 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മധ്യ ഗാസയില്‍ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേര്‍ക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ര്‍ എല്‍-ബലായിലെ അല്‍ അദ്വ ആശുപത്രിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവെയ്പ്പില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നല്‍കുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. എന്നാല്‍ കേന്ദ്രത്തിന് സമീപം ആക്രമണമുണ്ടായിട്ടില്ലെന്ന് ജിഎച്ച്എഫ് പറഞ്ഞു.


നെത്‌സാരിം പ്രദേശത്ത് സംശയമുള്ളവര്‍ക്ക് നേരെ മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിയുതിര്‍ത്തതെന്നും അപകടങ്ങളെ കുറിച്ച് അറിയില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.ഇത്തരത്തില്‍ ഗാസയില്‍ സഹായത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ഗാസ മുനമ്പില്‍ ഭക്ഷണമുള്‍പ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകള്‍ക്കായി കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ചൊവ്വാഴ്ച ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോ‍ർട്ട്.


ആക്ര‌മണത്തിൽ നിരവധി പേർ‌ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ജിഎച്ച്എഫ് മെയ് മാസം നടത്തിയ സഹായ വിതരണത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് ഗാസക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം പുലര്‍ച്ചെ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആകെ 31 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



Sharing is Caring