അതിഥി തൊഴിലാളികൾക്കായി ഇസാഫ് ബാങ്കിന്റെ മൊബൈല്‍ മെഡിക്കല്‍ സെന്റര്‍

തൃശൂര്‍: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമുഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി പ്രചോദൻ ഡെവലപ്മെൻറ് സർവീസസിന്റെ സഹകരണത്തോടുകൂടി അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ സെന്റർ റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. മൊബൈല്‍ മെഡിക്കല്‍ സെന്റർ വഴി പാർക്കിലെ 280 ഓളം വരുന്ന അതിഥി തൊഴിലാളികൾക്കായി സൗജന്യ വൈദ്യപരിശോധനയും സംഘടിപ്പിച്ചു.
ലോകമെമ്പാടുമുള്ളവരെ അതിഥികളായി കാണുന്ന സംസ്കാരമാണ് നമുക്കുള്ളത്. അതിഥി തൊഴിലാളികളെയും നമ്മളിൽ ഒരാളായി കണ്ട് ഇസാഫ് നടത്തി വരുന്ന ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓരോന്നും പ്രശംസനീയമാണെന്നും കോവിഡിൻ്റെ എല്ലാ തരംഗത്തിലും മാതൃകാപരമായ നിരവധി സഹായങ്ങളാണ് ഇസാഫ് നൽകിയതെന്നും മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു.രോഗികൾ ആശുപത്രികളിലേക്ക് വരട്ടെ എന്ന രീതി മാറ്റിനിർത്തി രോഗികളിലേക്ക് ശുശ്രൂഷ എത്തിക്കുക എന്നതാണ് ഇസാഫ് ലക്ഷ്യമിടുന്നത്. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഇസാഫ് നടത്തി വരുന്ന ഗർഷോം പദ്ധതിയുടെ ഭാഗമായാണ് മൊബൈൽ യൂണിറ്റ് നാടിന് സമർപ്പിച്ചത് എന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ പോൾ തോമസ് പറഞ്ഞു.ജില്ലാ ലേബര്‍ ഓഫീസര്‍ എം. എം. ജോവിന്‍, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രൊജക്റ്റ് ഡയറക്ടര്‍ കെ. എസ്. ദീപ, റിട്ടയേർഡ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്റർ വര്‍ഗീസ് കെ. ജി., ഓജസ് ഓട്ടോ മൊബൈൽസ് മാനേജിങ് ഡയറക്ടർ ബിജു മാര്‍ക്കോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു സി. എസ്., ജൂബിലി മിഷൻ ഹോസ്പിറ്റല്‍ ഡയറക്ടർ ഫാദർ റെന്നി മുണ്ടൻ കുരിയൻ, സിഇഒ ഡോ. ബെന്നി ജോസഫ്, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്‌സ് ചെയര്മാന് മെറീന പോൾ, ഇസാഫ് സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, പ്രചോദൻ ഡെവലപ്മെൻറ് സർവീസസ് ഡയറക്ടർ എമി അച്ചാ പോൾ, പ്രൊജക്റ്റ് മാനേജർ ജോബിൻ സി. വര്ഗീസ് എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *