സൈബര്‍പാര്‍ക്കില്‍ ഇന്റേണ്‍ഷിപ്പ്: ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ 29ന്


കോഴിക്കോട്: തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ സൈബര്‍പാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ജൂലൈ 29ന് നടക്കും. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കാഫിറ്റ്, ഐ.സി.ടി അക്കാദമി കേരള, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ജി ടെക്, കേരളാ നോളജ് എക്കോണമി മിഷന്‍ തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി https://lnkd.in/d-QQcPTd എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും ഇന്റര്‍വ്യൂവും വഴി ഇന്റേണ്‍ഷിപ്പിന് അവസരം നേടാം.

തിരഞ്ഞെടുക്കപ്പെട്ട ഇന്റേണുകള്‍ക്ക് മാസം 5000 രൂപ ഗവണ്‍മെന്റ് സബ്‌സിഡി ഉള്‍പ്പടെ 10,000 രൂപയോ അതില്‍ കൂടുതലോ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. സംസ്ഥാനതലത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലായി സംഘടിപ്പിക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഈ എഡിഷനില്‍ ആകെ 380 കമ്പനികളും 7436 ഉദ്യോഗാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തു.


ആദ്യ പതിപ്പില്‍, രജിസ്റ്റര്‍ ചെയ്ത 4,749 ഉദ്യോഗാര്‍ത്ഥികളില്‍ 175 പേര്‍ വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് യോഗ്യത നേടുകയും, അതില്‍ 90 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിവിധ കമ്പനികളില്‍ ഇതിനോടകം ജോലി നേടുകയും ചെയ്തു. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലായി 23 പേരും ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ 40 പേരും സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ 56 പേരും സ്റ്റാര്‍ട്ട് അപ്പ് മിഷനിലുള്ള വിവിധ കമ്പനികളില്‍ 41 പേരും മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റില്‍ (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) അംഗമായ വിവിധ കമ്പനികളില്‍ 13 പേരും കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കില്‍ അംഗമായ കമ്പനികളില്‍ നിന്ന് രണ്ടുപേരുമാണ് ആദ്യ പതിപ്പില്‍ പങ്കെടുത്തത്.


പങ്കെടുക്കുന്ന കമ്പനികളെയും ഉദ്യോഗാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കാനും ഇന്റേണ്‍ഷിപ്പ്
അവസരങ്ങള്‍ക്കായി ഓരോ കമ്പനിയുടെയും ആവശ്യാനുസരണം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ സംഘടിപ്പിക്കുന്നത്.



Sharing is Caring