
റിയാദ് കിങ്ഡം അരീന സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്ബതിന് നടക്കുന്ന റിയാദ് സീസണ്‍ കപ്പ് ഫുട്ബാള്‍ ടൂർണമെൻറിന്റെ രണ്ടാം മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഇൻറർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസ്‌റും ഏറ്റുമുട്ടും.പേശികള്‍ക്ക് പരിക്കേറ്റ് വിശ്രമത്തിലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ മാനേജർ ലൂയിസ് കാസ്ട്രോ സ്ഥിരീകരിച്ചു.
ഫുട്ബാള്‍ ലോകത്തെ ഇതിഹാസങ്ങളായ ലയണല്‍ മെസ്സി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം പ്രതീക്ഷിച്ചിരുന്ന സൗദിയിലെയും രാജ്യത്തിന് പുറത്തുമുള്ള ഫുട്ബാള്‍ ആരാധകർ ഇതോടെ നിരാശരായി. 38കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാലിന് പരിക്കേറ്റ് നാളുകളായി വിശ്രമത്തിലാണ്.
നേരത്തേ ചൈനയില്‍ കളിക്കാനായി എത്തിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരം നേരില്‍ കാണുന്നതിന് നേരത്തേ തന്നെ ടിക്കറ്റുകള്‍ കരസ്ഥമാക്കി കാത്തിരുന്ന ഫുട്ബാള്‍ പ്രേമികളെല്ലാം റൊണാള്‍ഡോയുടെ അസാന്നിധ്യത്തില്‍ കടുത്ത നിരാശയിലാണ്.

കഴിഞ്ഞ വർഷം ജൂലൈയില്‍ മെസ്സി പി.എസ്.ജിയിലായിരിക്കെ ക്രിസ്റ്റ്യാനോയുടെ അല്‍നസ്‌റുമായി സൗഹൃദമത്സരം നടന്നിരുന്നു. ജപ്പാൻ നഗരമായ ഒസാകയില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. മെസ്സിയും റൊണാള്‍ഡോയും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസാന മത്സരമെന്ന നിലക്ക് ‘ലാസ്റ്റ് ഡാന്‍സ്’ എന്നായിരുന്നു റിയാദ് സീസണ്‍ കപ്പ് സംഘാടകര്‍ ഈ മത്സരത്തിന് പേര് നല്‍കിയിരുന്നത്.
തിങ്കളാഴ്ച നടന്ന റിയാദ് സീസണ്‍ കപ്പ് ഫുട്ബാള്‍ ടൂർണമെൻറിന്റെ ഒന്നാം മത്സരത്തില്‍ മെസ്സിയുടെ ഇൻറർ മിയാമിക്കെതിരെ നെയ്മർ ജൂനിയർ നേതൃത്വം നല്‍കുന്ന സൗദി ക്ലബ് അല്‍ഹിലാല്‍ മൂന്നിനെതിരെ നാല് ഗോളില്‍ വിജയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ നെയ്മർ റിയാദ് സീസണ്‍ കപ്പ് ടൂർണമെൻറില്‍ കളിക്കുന്നില്ല. ഇൻറർ മിയാമി-അല്‍ഹിലാല്‍ മത്സരഫലം മെസ്സി ആരാധകരിലും കടുത്ത നിരാശ ഉണ്ടാക്കിയിരുന്നു. ടൂർണമെൻറിന്റെ മൂന്നാം മത്സരത്തില്‍ ഫെബ്രുവരി എട്ടിന് അല്‍ഹിലാലും അല്‍നസ്റും തമ്മില്‍ ഏറ്റുമുട്ടും.
