സുഹൃത്ത് സമ്മാനിച്ച പഫർ ഫിഷിനെ കഴിച്ച ബ്രസീലുകാരന് ദാരുണാന്ത്യം

ബ്രസീലിയ: സുഹൃത്ത് സമ്മാനിച്ച അപകടകാരിയായ പഫർ ഫിഷിനെ കഴിച്ച ബ്രസീലുകാരന് ദാരുണാന്ത്യം. എസ്പിരിറ്റോ സാന്റോയിലെ അരക്രൂസ് സ്വദേശിയായ മാഗ്‌നോ സെർജിയോ ഗോമസ് ( 46 ) ആണ് മരിച്ചത്.ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.സുഹൃത്തിന് പഫർ ഫിഷിനെ എവിടെ നിന്ന് ലഭിച്ചെന്നും വ്യക്തമല്ല. തനിക്ക് സമ്മാനമായി ലഭിച്ച പഫർ ഫിഷിനെ മാഗ്‌നോ സുഹൃത്തിനൊപ്പം തന്നെ പാകം ചെയ്യുകയായിരുന്നു. ഇരുവർക്കും പഫർഫിഷിനെ പറ്റി അറിവുണ്ടായിരുന്നില്ലെന്ന് മാഗ്‌നോയുടെ സഹോദരി മിറിയൻ ലോപസ് പറഞ്ഞു.

മത്സ്യത്തെ പാകം ചെയ്ത് കഴിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. മാഗ്‌നോ സ്വയം ഡ്രൈവ് ചെയ്താണ് ആശുപത്രിയിലെത്തിയത്. എന്നാല്‍, 8 മിനിറ്റിനുള്ളില്‍ അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായി. 35 ദിവസം ആശുപത്രിയില്‍ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞ മാഗ്‌നോ ജനുവരി 27ന് മരണത്തിന് കീഴടങ്ങി. മാഗ്‌നോയുടെ സുഹൃത്ത് അപകടനില തരണം ചെയ്തെങ്കിലും നാഡീ തകരാറിനെ തുടർന്ന് നടക്കാൻ സാധിക്കുന്നില്ല.

ടെട്രോഡോടോക്സിൻ, സാക്സിടോക്സിൻ എന്നീ അതിമാരക വിഷങ്ങളാണ് പഫർ ഫിഷിലുള്ളത്. പാകം ചെയ്താലോ ശീതീകരിച്ചാലോ ഇവ നശിക്കുന്നില്ല. വിഷം ഉള്ളിലെത്തിയാല്‍ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാകും. സയനൈഡിനേക്കാള്‍ അപകടകാരിയാണ് പഫർ ഫിഷിലെ വിഷം. മനുഷ്യരില്‍ ഇത് ഉള്ളിലെത്തി 20 മിനിറ്റിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. കഴിഞ്ഞ വർഷം മലേഷ്യയില്‍ പഫർ ഫിഷിനെ പാകം ചെയ്ത് കഴിച്ച 83കാരി മരിച്ചിരുന്നു.

പഫർ ഫിഷില്‍ വിഷം സംഭരിച്ചിരിക്കുന്ന ഭാഗങ്ങള്‍ പൂർണമായും നീക്കി പ്രത്യേക രീതിയില്‍ വൃത്തിയാക്കിയെടുത്ത ശേഷം തയാറാക്കുന്ന വിഭവം ജപ്പാനില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍, അംഗീകാരം നേടിയ വിദഗ്ദ്ധ ഷെഫുകള്‍ക്കാണ് പഫർ ഫിഷിനെ കൈകാര്യം ചെയ്യാൻ അനുമതി. യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പഫർ ഫിഷിനെ വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *