ഇന്തോനേഷ്യ ഭൂചലനം : മരിച്ചവരുടെ എണ്ണം 162 ആയി

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. 700ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്:. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. 175,000 പേരാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. മിക്കയിടങ്ങളിലും വൈദ്യുതി നിലച്ചു. 13,000ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചതായി കാമിൽ അറിയിച്ചു. കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്.

ഇന്തൊനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയുടെ പടിഞ്ഞാറൻ മേഖലയിലെ സിയാഞ്ചുർ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം കൂടിയാണിത്. ഇന്തൊനേഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.

റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ പ്രകമ്പനമാണ് ഉണ്ടായത്. 160 പേർ മരിച്ചതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ജക്കാർത്തയിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള വെസ്റ്റ് ജാവ പ്രവിശ്യയിൽ തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്. നൂറുകണക്കിന് പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായി സർക്കാർ പ്രതിനിധി വ്യക്തമാക്കി. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പരിക്കേറ്റവരിൽ കൂടുതൽ പേരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരാണ്. ഇവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും പരിക്കുകൾ സാരമായതാണെന്നാണ് റിപ്പോർട്ടുകൾ. പത്തുകിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്ത് കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *