മൂന്നാര്‍: കേരളത്തില്‍ തങ്ങിയ ഇന്ത്യന്‍ മുജാഹിജീന്‍ ഭീകരന്മാരെ മൂന്നാറിലെത്തിച്ച് തെളിവെടുത്തു. വഖാസ് അഹമ്മദ്, തെഹ്‌സീന്‍ അഖ്തര്‍ എന്നിവരെയാണ് ശനിയാഴ്ച മൂന്നാറില്‍ എത്തിച്ചത്. ഇവരെ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിച്ച് അവിടെ നിന്നും നാവികസേനാ ഹെലികോപ്റ്ററിലാണ് മൂന്നാറില്‍ കൊണ്ടുവന്നത്. സംസ്ഥാനം കണ്ടതില്‍ വച്ച് ഏറ്റവും കടുത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് ഇരു ഭീകരന്മാരെയും തെളിവെടുപ്പിനായി മൂന്നാറില്‍ കൊണ്ടുവന്നത്. വഖാസ് മൂന്ന് മാസം താമസിച്ച ഹോംസ്റ്റേ ഉടമ ഇവരെ തിരിച്ചറിഞ്ഞു. വഖാസിന്റെ സഹായി നടത്തിയിരുന്ന ചായക്കടയിലും ഒരു കമ്പ്യൂട്ടര്‍ സെന്ററിലും ബേക്കറിയിലും എത്തിച്ച് തെളിവെടുത്തു. വഖാസ് ഇന്റര്‍നെറ്റ് ഉപയോഗിച്ചത് ഈ കമ്പ്യൂട്ടര്‍സെന്ററില്‍ നിന്നായിരുന്നു. മൂന്നാര്‍ കോളനിയിലാണ് വഖാസ് മൂന്ന് മാസം ഒളിവില്‍ കഴിഞ്ഞത്. വിനോദസഞ്ചായിരെയന്ന വേഷത്തിലാണ് വഖാസ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മൂന്നാറില്‍ ഒളിവില്‍ കഴിഞ്ഞത്. ഒക്‌ടോബറില്‍ ജോധ്പൂരില്‍ നടന്ന സ്‌ഫോടനത്തിന് ശേഷമാണ് തെഹ്‌സീന്‍ അഖ്തര്‍ മൂന്നാറിലെത്തിയത്. വഖാസിനൊപ്പം തെഹ്‌സീന്‍ ആഴ്ചകളോളം ഇവിടെ താമസിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ തങ്ങിയത്. തെളിവെടുപ്പിന് ശേഷം ഇരുവരെയും തിരികെ കൊണ്ടുപോയി. ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തില്‍ എത്തിയ വന്‍ സുരക്ഷാസംഘത്തിന് കോട്ടയം എസ് പിയുടെ നേതൃത്വത്തില്‍ വന്‍സന്നാഹമാണൊരുക്കിയത്.
