നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ ഇറാഖിനെ നേരിടും


ബാങ്കോക് ഇന്ത്യൻ ഫുട്ബോള്‍ ടീം കിങ്സ് കപ്പിനിറങ്ങുന്നു. നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യകളിയില്‍ ഇന്ന് വൈകിട്ട് നാലിന് ഇന്ത്യ ഇറാഖിനെ നേരിടും.രാത്രി ഏഴിന് ആതിഥേയരായ തായ്ലൻഡ് ലെബനനുമായി ഏറ്റുമുട്ടും. നേരിട്ട് സെമിയാണ്. ജയിക്കുന്നവര്‍ ഞായറാഴ്ച ഫൈനല്‍ കളിക്കും. ഈ വര്‍ഷം മൂന്ന് ടൂര്‍ണമെന്റ് ജയിച്ചാണ് ഇന്ത്യയുടെ വരവ്. ആദ്യം ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ജയിച്ചു. പിന്നീട് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും സ്വന്തമാക്കി. ഈ വിജയങ്ങള്‍ ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആയി ഉയര്‍ത്തി.


ക്യാപ്റ്റൻ സുനില്‍ ഛേത്രിയില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇറാഖിന്റെ റാങ്ക് 70 ആണ്. ഇന്ത്യൻ ടീമില്‍ മൂന്ന് മലയാളികളുണ്ട്. മുന്നേറ്റത്തില്‍ മൻവീര്‍ സിങ്, റഹീം അലി എന്നിവര്‍ക്കൊപ്പം തൃശൂര്‍ക്കാരൻ കെ പി രാഹുലുണ്ടാകും. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കുരുണിയനുമുണ്ട്.അടുത്തവര്‍ഷം ഖത്തറില്‍ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുള്ള ഒരുക്കമായാണ് കോച്ച്‌ ഇഗര്‍ സ്റ്റിമച്ച്‌ ടൂര്‍ണമെന്റിനെ കാണുന്നത്. ലെബനനും (101) തായ്ലൻഡും (113) റാങ്കിങ്ങില്‍ ഇന്ത്യക്ക് താഴെയാണ്.


എന്നാല്‍, കിങ്സ് കപ്പ് തായ്ലൻഡിന്റെ കുത്തകയാണ്. 14 തവണ ജേതാക്കളായ തായ്ലൻഡ് 11 തവണ റണ്ണറപ്പായി. ഇന്ത്യ നാലാംതവണയാണ് ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2019ലും 1977ലും മൂന്നാംസ്ഥാനം നേടി. 1981ല്‍ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായി. ഇറാഖ് 2007ലെ റണ്ണറപ്പാണ്. ലെബനൻ 2009ല്‍ മൂന്നാമതെത്തി. കഴിഞ്ഞവര്‍ഷം തജിക്കിസ്ഥാനായിരുന്നു ജേതാക്കള്‍. മലേഷ്യ റണ്ണറപ്പായി.



Sharing is Caring