ഏഷ്യാകപ്പില്‍ ഇന്ത്യക്ക് നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം


ഏഷ്യാകപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം. നേപ്പാളിനെതിരെ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. മഴ കാരണം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 23 ഓവറിന് 145 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 20ാം ഓവറില്‍ തന്നെ ഇന്ത്യ ലക്ഷ്യത്തിലെത്തി.


വിജയത്തോടെ സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഗ്രൂപ്പ് എയില്‍ നിന്ന് പാകിസ്താന് പിന്നാലെ ഇന്ത്യയും പ്ലേഓഫിലെത്തിയതോടെ ഏഷ്യാ കപ്പില്‍ മറ്റൊരു ഇന്ത്യപാക് പോരാട്ടം കൂടി ഉറപ്പായിരിക്കുകയാണ്.നേപ്പാള്‍ ഉയര്‍ത്തിയ 231 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കായിരുന്നു ഇന്ത്യ ബാറ്റുവീശാനിറങ്ങിയത്.


രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസില്‍ നില്‍ക്കവേയായിരുന്നു മഴ വില്ലനായി എത്തിയത്. മത്സരം നിര്‍ത്തി വെക്കുമ്പോള്‍ ഇന്ത്യ 2.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സെന്ന നിലയിലായിരുന്നു. മഴ നിന്ന് വീണ്ടും മത്സരം ആരംഭിച്ചതോടെ ഡക്ക്‌വര്‍ത്ത് നിയമപ്രകാരം ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു.



Sharing is Caring