പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതി;അധ്യാപികയ്ക്ക് പിഴയിട്ട് വിദ്യാഭ്യാസ വകുപ്പ്


പ്ലസ്ടു പരീക്ഷയിൽ വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് പിഴയിട്ട് വിദ്യാഭ്യാസ വകുപ്പ്. 3000 രൂപയാണ് അധ്യാപികയ്ക്ക് പിഴയിട്ടത്. ആലപ്പുഴയിലെ ഹയർ സെക്കൻഡറി അധ്യാപികയെ ശിക്ഷിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഉത്തരവിറക്കിയത്.കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റായി എഴുതിയത്.


മനഃപൂർവം തെറ്റുവരുത്തിയിട്ടില്ലെന്ന് അധ്യാപിക വിശദീകരിച്ചെങ്കിലും ഗുരുതര വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജിലേറ്റർ വീഴ്ചവരുത്തിയെന്നും ഇത് വിദ്യാർഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നുമാണ് കുറ്റാരോപണം.


അതേസമയം നിസാരവീഴ്ചകളുടെ പേരിൽപോലും അധ്യാപകരിൽ നിന്നും ആയിരക്കണക്കിന് രൂപ പിഴയീടാക്കി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ രാജഭക്തി കാണിക്കുകയാണെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ് മനോജ് ആരോപിച്ചു.



Sharing is Caring