കോഴിക്കോട് കോർപറേഷനിൽ കെ. സ്മാർട്ട് പദ്ധതി ബുധനാഴ്ചമുതൽ തുടങ്ങും. സേവനങ്ങൾ കടലാസ് രഹിതമാകുന്നതാണ് പദ്ധതി. ഇൻഫർമേഷൻ കേരള മിഷന്റെ സോഫ്റ്റ് വെയറാണ് കെ. സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ).ജനുവരി മൂന്നുമുതൽ ഓൺലൈൻ സംവിധാനം ഒരുങ്ങുമെന്ന് അധികൃതർ അറിയിച്ചു.കോർപറേഷൻ സംവിധാനങ്ങൾ പൂർണമായി ഡിജിറ്റലാകാത്തതിനാൽ വിവിധ ഘട്ടമായാണ് കെ. സ്മാർട്ടിലേക്ക് കടക്കുക.
മൂന്ന് മാസത്തിനകം പൂർണമായി മാറാനാകുമെന്നാണ് പ്രതീക്ഷ. ഫെസിലിറ്റേഷൻ സെന്റർ സേവനങ്ങൾ ഓൺലൈനാകുന്നതോടെ നേരിട്ടുള്ള ഇടപാടുകൾ പൂർണമായി ഒഴിവാക്കും.തുടക്കത്തിലുള്ള ആശയക്കുഴപ്പമൊഴിവാക്കാൻ പരമാവധി ശ്രമിക്കും. ഇതിനായി കോർപറേറേഷൻ ഓഫിസിൽ 20 ദിവസത്തേക്ക് ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. പരാതികളും അപേക്ഷകളുമായെത്തുന്നവർക്ക് കെ. സ്മാർട്ടിലൂടെ അത് നൽകാനുള്ള സൗകര്യം ഇവിടെനിന്ന് ചെയ്തുകൊടുക്കും. കൗൺസിലർമാർക്കും ജീവനക്കാർക്കുമെല്ലാം കെ. സ്മാർട്ടുമായി ബന്ധപ്പെട്ട് ക്ലാസ് കൊടുത്തുവരുന്നതായും അധികൃതർ പറഞ്ഞു.














