നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; ഇന്ത്യ

ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ ആണ്‌ന ഇന്ത്യയുടെ പ്രതികരണം.നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്തെ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ചൈന അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശത്ത് ചൈന തുടരുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ഇന്ത്യ ഇത്തരത്തിലുള്ള നിയമവിരുദ്ധ അധിനിവേശത്തെ ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല ചൈനയുടെ അവകാശവാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അതിർത്തിത്തർക്കമുള്ള അപ്പർ സുബൻസിരി ജില്ലയിലെ ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ്. ചൈന വർഷങ്ങളായി ഇവിടെ സൈനിക പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ വിവിധ നിർമാണപ്രവർത്തനങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായതല്ല. 60 കൊല്ലമായി ചൈന കൈവശംവെക്കുന്ന സ്ഥലത്താണ് അവർ ഗ്രാമം പടുത്തുയർത്തിയതെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ ലോങ്ജുവിലൂടെ 1959ൽ ചൈന പിടിച്ചെടുത്ത അസം റൈഫിൾസ് പോസ്റ്റുണ്ടായിരുന്ന പ്രദേശത്താണ് ഇപ്പോൾ ഗ്രാമം സ്ഥാപിച്ചിട്ടുള്ളതെന്നും സൈനികവൃത്തങ്ങൾ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *