മകന്‍ ഗോകുല്‍ സുരേഷിന്റെ സിനിമ കണ്ടപ്പോള്‍ കുറ്റബോധം തോന്നിപ്പോയെന്ന് സുരേഷ് ഗോപി. മകന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ന രീതിയില്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നിയതായാണ് സുരേഷ് ഗോപി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
മകന്‍ ഗോകുലിനെ ഒരു തരിമ്പ് പോലും സിനിമയില്‍ സഹായിച്ചിട്ടില്ല. അവന് വേണ്ടി ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല. തനിക്ക് വേണ്ടി പോലും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തിയേറ്ററില്‍ പോയിരുന്ന് കണ്ടത്. അതും ഭാര്യ നിര്‍ബന്ധിച്ചിട്ടാണ്.

അവന്റെ കാര്യത്തില്‍ തീരെ ശ്രദ്ധിക്കാതെയിരിക്കുന്നത് കുഞ്ഞിന് മാനസികമായി പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഇര സിനിമ കാണുന്നത്. അതു കണ്ടപ്പോള്‍ തനിക്ക് കുറ്റബോധം തോന്നിപ്പോയി.
തന്റെ കുഞ്ഞിന്റെ ക്രിയേറ്റീവ് സൈഡ് എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ന രീതിയില്‍ താന്‍ ശ്രദ്ധിക്കണമായിരുന്നു എന്ന് തോന്നി എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, ജോഷി സംവിധാനം ചെയ്യുന്ന പാപ്പാന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുലും വേഷമിടുന്നുണ്ട്.
നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കിയ കാവല്‍ ആണ് സുരേഷ് ഗോപിയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. രഞ്ജി പണിക്കരും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി. ദേവ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.













