തേനീച്ചയുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം: ആനയെ തുരത്താം, തേനും കഴിയ്ക്കാം

Fencingകല്‍പറ്റ: കട്ടുറുമ്പിനെ ആനയ്ക്ക് പേടിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ആനയ്ക്ക് തേനീച്ചയെയും പേടിയാണെന്ന് അറിവ് മുതലാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടുകാര്‍. ആഫ്രിക്കയില്‍ പരീക്ഷിച്ച് വിജയിച്ച തേനീച്ച വേലി വനാതിര്‍ത്തികളില്‍ സ്ഥാപിച്ച് കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.
തേനീച്ച വേലി നിര്‍മാണത്തിന് പദ്ധതിയിട്ട അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി(ആത്മ) പൂതാടി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമമായ മാതമംഗലത്ത് ഇത്തരം വേലി സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കി. കാട്ടാനയെത്തുരത്താന്‍ പടക്കം പൊട്ടിച്ചും കിടങ്ങുകുഴിച്ചും കമ്പിവേലിയിട്ടും രക്ഷയില്ലാതായതോടെയാണ് ആത്മയുടെ പരീക്ഷണത്തിനും മാതമംഗലം സാക്ഷിയായത്.
വനത്തിന്റെ അതിര്‍ത്തിയില്‍ തേനീച്ചവേലി സ്ഥാപിച്ചതോടെ മാതമംഗലം കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെട്ടു. കാട്ടാനകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്ന് കൃഷിയെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണിവര്‍.
ആഫ്രിക്കയിലെ കെനിയയില്‍ ലൂസി കിങ് എന്ന ബ്രീട്ടീഷ് ശാസ്ത്രജ്ഞ വിജയകരമായി നടപ്പിലാക്കിയതാണ് തേനീച്ചവേലി. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പരീക്ഷിച്ച് വിജയിച്ചു. തുടര്‍ന്നാണ് വയനാട്ടിലും ഇത് പരീക്ഷിക്കപ്പെട്ടത്. പൊതുവേ ചെലവുകുറഞ്ഞതുമാത്രമല്ല ഒന്നാന്തരം തേനും ഇവിടെ നിന്നും ലഭിക്കുമെന്നതാണ് തേനീച്ച വേലിയുടെ പ്രത്യേകത.
വനാതിര്‍ത്തിയില്‍ വൃക്ഷങ്ങളെ ബന്ധിപ്പിച്ചു കെട്ടുന്ന കമ്പിവേലിയില്‍ തേനീച്ചക്കൂടുകള്‍ ഇടവിട്ട് സ്ഥാപിക്കും. തേനീച്ചയുടെ മൂളല്‍(ഇന്‍ഫ്രാസോണിക് സൗണ്ട്) കേള്‍ക്കുന്നിടത്തേക്ക് കാട്ടാനകള്‍ അടുക്കാറില്ല. ഒരു കിലോമീറ്റര്‍ വരെ തരംഗദൈര്‍ഘ്യം ഉള്ളതാണ് തേനീച്ചകളുടെ മൂളല്‍. ഡോ.ലൂസി കിങിന്റെ പദ്ധതിയെക്കുറിച്ച് അറിഞ്ഞ് ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഫീല്‍ഡ് വര്‍ക്കറായിരുന്ന കെ എം ശങ്കരന്‍കുട്ടി വൈത്തിരിക്കടുത്ത് സുഗന്ധഗിരിയിലെ അംബയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ചവേലി നിര്‍മിച്ചു. വേലിതീര്‍ത്ത ഭാഗത്ത് കാട്ടാനകള്‍ ഇറങ്ങുന്നില്ലെന്ന് കണ്ട ശങ്കരന്‍കുട്ടി വിവരം ‘ആത്മ’ പ്രവര്‍ത്തകരുമായി പങ്കുവെച്ചു. ഇത് പിന്നീട് മാതമംഗലത്ത് തേനീച്ചവേലി നിര്‍മാണത്തിനു വഴിയൊരുക്കി.
സംസ്ഥാന വനം-വന്യജീവി വകുപ്പ്, നബാര്‍ഡ്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നിവയുടെ സഹായത്തോടെ നാല് കിലോ മീറ്റര്‍ തേനീച്ചവേലി നിര്‍മാണമാണ് ‘ആത്മ’ ആസൂത്രണം ചെയ്തത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച 700 മീറ്റര്‍ വേലി വിജയിച്ചതോടെയാണ് വേലി നാലു കിലോമീറ്ററായി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
കമ്പിയില്‍ എട്ട് മീറ്റര്‍ ഇടവിട്ട് തേനീച്ചക്കൂട് സ്ഥാപിച്ചാണ് വേലി നിര്‍മിക്കുന്നത്. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസിലുള്ള 50 വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് വേലി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 120 തേനീച്ചക്കൂടുകളാണ് ഒരു കിലോമീറ്റര്‍ വേലി നിര്‍മാണത്തിനു വേണ്ടിവന്നത്. വേലിയിലെ കൂടുകളില്‍നിന്ന് ലഭിക്കുന്ന തേന്‍ ‘എലഫന്റ് ഫ്രണ്ട്‌ലി ഹണി’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനും ‘ആത്മ’ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *