ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്ന് ഭാര്യ അർഷിക

പാലക്കാട് എലപ്പുള്ളിയിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്ന് ഭാര്യ അർഷിക. അക്രമിസംഘം മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ലെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും അർഷിക മാധ്യമങ്ങളോട് പറഞ്ഞു.

അർഷികയുടെ വാക്കുകൾ : ‘ഗട്ടറിൽ ബൈക്ക് സ്ലോ ആക്കിയപ്പോൾ ബൈക്ക് ഇടിച്ചിട്ടു. എന്നെ തള്ളിയിട്ട ശേഷം സഞ്ജിത്തിനെ വെട്ടി. സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നു. മുഖംമൂടിയൊന്നും ധരിച്ചിരുന്നില്ല. പ്രതികളെ കണ്ടാൽ താൻ തിരിച്ചറിയും. രണ്ട് ദിവസം മുമ്പ് തനിക്ക് ഭീഷണി ഉണ്ടെന്ന് സഞ്ജിത്ത് പറഞ്ഞിരുന്നു.’

കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചു.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണ കാരണം തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹവുമായി ആർഎസ്എസ് പ്രവർത്തകർ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.

സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാർ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *