ജഹാംഗീര്‍പുരിയ്ക്ക് പിന്നാലെ ഗുജറാത്തിലെ ഹിമ്മത്‌നഗറിലും കെട്ടിടം പൊളിക്കല്‍ നടപടിയുമായി ജില്ലാ ഭരണകൂടം

ജഹാംഗീര്‍പുരിയ്ക്ക് പിന്നാലെ ഗുജറാത്തിലെ ഹിമ്മത്‌നഗറിലും കെട്ടിടം പൊളിക്കല്‍ നടപടിയുമായി ജില്ലാ ഭരണകൂടം. 15 ദിവസം മുമ്പ് രാമനവമി ദിനത്തില്‍ സംഘര്‍ഷം നടന്ന പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങളാണ് പൊളിച്ചുനീക്കുന്നത്. ബുള്‍ഡോസറുകള്‍ എത്തിച്ച് ഇന്ന് രാവിലെയാണ് നടപടികള്‍ തുടങ്ങിയത്.

ഭരണകൂടത്തെ ഭയന്ന് ബുള്‍ഡോസറുകള്‍ എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയിരുന്നു. തിങ്കളാഴ്ചയാണ് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്ക് നോട്ടീസ് ലഭിച്ചത്. റോഡുകള്‍ വീതി കൂട്ടുന്നതിനായി പ്രദേശത്തെ കടകളും മറ്റും ഇടിച്ചുനിരത്തുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്

ഗുജറാത്തിലെ സബര്‍കാന്തയിലെ ഹിമ്മത്നഗര്‍ മേഖലയില്‍ ഏപ്രില്‍ 10 രാമനവമി ദിനത്തില്‍ രഥയാത്ര സംഘടിപ്പിച്ചിരുന്നു.എന്നാല്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും കല്ലേറിലും തീവെപ്പിലും കലാശിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ പത്തിലധികം പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇതിന് പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിച്ചാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

ജഹാംഗീര്‍പുരിയ്ക്ക് സമാനമായ രീതിയിലാണ് ഹിമ്മത്‌നഗറിലും ജില്ലാ ഭരണകൂടം പൊളിക്കല്‍ നടത്തുന്നത്. എന്നാല്‍ രാമനവമി സംഘര്‍ഷങ്ങളുമായി പൊളിക്കലിന് ബന്ധമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ജഹാംഗീര്‍പുരിയിലേത് പോലെ ചെറുത്തുനില്‍പ്പോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. പൊളിക്കല്‍ നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയായി.

അതേസമയം ഹനുമാന്‍ ജയന്തി, രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടായ അക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്നാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *