ചൈനയിൽ കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം

ബെയ്ജിങ്: ചൈനയിൽ തുടരുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെൻജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശംവിതച്ചത്. ഇവിടെ 12 പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ചെൻജൗ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തെരുവുകളിലും റോഡുകളിലും ശക്തമായ ജലപ്രവാഹമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണുന്നത്. മെട്രോ യാത്രക്കാർ തീവണ്ടിയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ പലയിടത്തും തകരാറിലായിട്ടുണ്ട്. റോഡുകൾ പിളർന്ന് വാഹനങ്ങൾ താഴ്ന്നുപോകുന്നതിന്റെയും വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളിൽ പെട്ടുപോയവരുടെയും ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *