രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം:മോദിയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സിപിഎം

രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്പര്‍ധ സൃഷ്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ സിപിഎം ഡല്‍ഹി പൊലീസിന് പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരം മോദിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദര്‍ സിങ് ഗ്രെവാളുമാണ് പരാതി നല്‍കിയത്.

ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് പരാതി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു.രാജസ്ഥാനിലെ റാലിയില്‍ വളരെ ബോധപൂര്‍വ്വം മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഹിന്ദു സമുദായത്തിന്റെ സ്വത്തുക്കള്‍, പ്രത്യേകിച്ച് സ്വര്‍ണവും സ്ത്രീകളുടെ താലിമാലയും അപകടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതും ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്നതുമായ പ്രസ്താവനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങളാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ ലക്ഷ്യംവെയ്ക്കുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം പടര്‍ത്തുകയുമാണ് മോദി ചെയ്തത്. വിദ്വേഷപ്രസംഗത്തിലൂടെയുള്ള വോട്ടഭ്യര്‍ത്ഥന അങ്ങേയറ്റം നിയമവിരുദ്ധമാണ്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തും.

ഇന്ത്യന്‍ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരായും കൊള്ളക്കാരായും ഹിന്ദുക്കള്‍ക്ക്, പ്രത്യേകിച്ച് ഹിന്ദു സ്ത്രീകള്‍ക്ക് ഭീഷണിയായുമൊക്കെ വര്‍ഗീയവാദികള്‍ ചിത്രീകരിക്കുന്നത് അസാധാരണമല്ല. എന്നാല്‍, ഈയൊരു സമീപനത്തെ സുപ്രീംകോടതി തന്നെ നേരത്തെ വിമര്‍ശിച്ചിട്ടുള്ളതാണ്.ഇന്ത്യയിലെ വിഭവങ്ങള്‍ക്ക് മേല്‍ ആദ്യ അവകാശം മുസ്ലീങ്ങള്‍ക്കാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നുവെന്നും അതിലൂടെ നുഴഞ്ഞുക്കയറ്റക്കാര്‍ക്ക് സ്വത്തുകള്‍ വിതരണം ചെയ്യപ്പെടുമെന്നുമാണ് മോദി പറഞ്ഞത്.

ബോധപൂര്‍വ്വമായുള്ള ഈ പരാമര്‍ശം ഭരണഘടനാവിരുദ്ധമാണ്. ദേശീയ ഐക്യത്തിന് വിരുദ്ധമാണ്. വളരെ പ്രകോപനകരവും നിയമവിരുദ്ധവും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണ്. കൂടുതല്‍ കുട്ടികളുള്ളവര്‍, നുഴഞ്ഞുക്കയറ്റക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടാണ്. മുസ്ലീം എന്ന വാക്ക് പ്രസംഗത്തില്‍ കൃത്യമായുണ്ട്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഗുരുതരമായി ക്ഷതമേല്‍പ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *