ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ മരണസംഖ്യ 3555 കടന്നു


ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ മരണസംഖ്യ 3555 കടന്നു. ഇസ്രയേലില്‍ 1200 പേരും ഗാസയില്‍ 1055 പേരും കൊല്ലപ്പെട്ടു. ഗാസയിലെ 200 ഇടങ്ങളില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നു. അതിനിടെ ഇസ്രയേലില്‍ സര്‍ക്കാരും പ്രതിപക്ഷവും യോജിച്ച് യുദ്ധ അടിസ്ഥാനത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു.ലെബനാനില്‍ നിന്നും ആക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ വടക്കന്‍ പ്രദേശങ്ങളിലെ പൗരന്മാരോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദ്ദേശം നല്‍കി.


ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷന്‍ അജയ് ആരംഭിക്കും. പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെ ആദ്യമെത്തിക്കും.കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികള്‍ വന്‍ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയില്‍ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉള്‍ക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകര്‍ന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി.


രണ്ട് ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായെന്ന് യുഎന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2.60 ലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ടു.കഴിഞ്ഞ രാത്രികളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. നാല് അഭയാര്‍ത്ഥി ക്യാമ്പുകള്‍ തകര്‍ന്നു.അല്‍ കരാമയില്‍ ഇസ്രയേല്‍ നിരോധിത ബോംബ് പ്രയോഗിച്ചെന്ന് പലസ്തീന്‍ പറയുന്നു.



Sharing is Caring