ജാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപയി സോറനെ ക്ഷണിച്ച് ഗവർണർ;സത്യപ്രതിജ്ഞ ഇന്ന്

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അശങ്കകൾക്കുമൊടുവിൽ ജാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപയി സോറനെ ക്ഷണിച്ച് ഗവർണർ. ഇന്നലെ രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവർണർ സിപി രാധാകൃഷ്ണന്റെ ക്ഷണം. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ചംപയി സോറൻ ഇന്ന് സത്യപ്രതിജ്ഞ നടത്തുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു.സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ ഇന്നലെ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്. ചംപായ് സോറൻ ഗവർണറെ കാണുന്നതിന് മുമ്പ് 43 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അറിയിച്ച് എംഎൽഎമാരുടെ എണ്ണം വ്യക്തമാക്കുന്ന വീഡിയോയും ഭരണസഖ്യം പുറത്തുവിട്ടിരുന്നു. ചംപായ് സോറനിൽ നിന്ന് തുടങ്ങി ഓരോ എംഎൽഎമാരായി എണ്ണമെടുക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.

എന്നാൽ സർക്കാർ രൂപവത്കരിക്കാൻ ക്ഷണം വൈകുന്നത് ബിജെപി കുതിരക്കച്ചവടത്തിനായി ദുരുപയോഗം ചെയ്യുമെന്ന ആശങ്കയെത്തുടർന്ന് ഭരണസഖ്യം 43 എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനായി രണ്ടു ചാർട്ടേഡ് വിമാനങ്ങൾ ബുക്കുചെയ്തിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല.

മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടർന്ന് എംഎൽഎമാർ താമസിച്ചിരുന്ന സർക്യൂട്ട് ഹൗസിലേക്ക് മടങ്ങി.എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എംഎല്‍മാര്‍ പ്രതികരിച്ചത്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ജാർഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *