നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജാമ്യ ഹര്‍ജികള്‍ തള്ളിയ എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ്, കെ.ടി.റമീസ് എന്നിവരുടെ ഹര്‍ജികളും കോടതി ഇതിനൊപ്പം പരിഗണിക്കും. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

യു.എ.പി.എ ചുമത്തുവാന്‍ തക്ക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയത്. ജൂലൈ ഒമ്പതിനു കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പിന്നീട് എന്‍ഐഎ, ഇ.ഡി, കസ്റ്റംസ്, ഐബി, സിബിഐ ഇങ്ങനെ അഞ്ച് ഏജന്‍സി കേരളത്തിലെത്തി.
കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ പി. എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലൈ 10ന് എന്‍ഐഎ കേസെടുത്തു.

രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. ജാമ്യത്തിനായി പ്രതികള്‍ പല തവണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *