സ്വര്‍ണക്കടത്ത് കേസ്; സരിത് ഉൾപ്പെടെ നാല് പ്രതികള്‍ കൂടെ പുറത്തേയ്ക്ക്

കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ച് കുലുക്കിയ തിരുവനന്തപുരം നയതന്ത്ര സ്വര്‍ണംക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പിന്നാലെ നാല് പ്രതികള്‍ കൂടി ഇന്ന് ജയിലില്‍ നിന്ന് ഇറങ്ങും. ഒന്നാം പ്രതിയായ സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് ജയില്‍ മോചിതരാകുന്നത്. എന്‍ഐഎ ചുമത്തിയ കേസടക്കം മറ്റ് എല്ലാ കേസിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ ആദ്യം പിടികൂടിയത് സരിത്തിനെ ആയിരുന്നു. യുഎഇ കോണ്‍സിലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനായ സരിത്താണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിയ്ക്കുന്നു എന്ന് സരിത് കോടതിയില്‍ നല്‍കിയ പരാതി വിവാദമായി മാറിയിരുന്നു.

കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം തന്നെ സരിത്തിനും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കോഫപോസ മൂലം മോചനം വൈകുകയായിരുന്നു. കോഫപോസ കരുതല്‍ തടങ്കലിന്റെ കാലാവധി ഇന്ന് അവസാനിയ്ക്കും. സരിത് പുറത്തിറങ്ങുന്നതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജയില്‍ മോചിതരാകും.

അതേ സമയം, ജാമ്യത്തില്‍ ഇളവ് വേണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. കേസില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. വീട് തിരുവനന്തപുരത്താണ് അവിടെപ്പോകാന്‍ ഈ വ്യവസ്ഥ നീക്കണം എന്നതാണ് സ്വപ്‌നയുടെ ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഹൈക്കോടതി ശിവശങ്കറിന് ജാമ്യം റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. ശിവശശങ്കര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തില്‍ വീണ്ടും ജയിലിലേക്ക് അയക്കാനാകില്ലെന്നായിരുന്നു കോടതി അറിയ്ച്ചത്. ശിവശങ്കര്‍ സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കും എന്നാണ് ഇ.ഡിയുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *