നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്;അഞ്ച് പേര്‍ അറസ്റ്റില്‍


നെടുമ്പാശ്ശേരി വിമാനത്താവളം വഴി 7 കിലോ സ്വര്‍ണം കടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.


രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടുപേരാണ് ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ചത്. ഇത് മൂന്ന് പേര്‍ ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.


പരിശോധന കര്‍ശനമാക്കിയിട്ടും നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കുറവില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം മൂന്ന് കോടി രൂപക്ക് മുകളിലാണ്. സ്വര്‍ണത്തില്‍ മുക്കി കടത്തിയ തോര്‍ത്തുകളിലുള്ള സ്വര്‍ണത്തിന്റെ അളവ് എത്രയെന്ന് ഇനിയും വ്യക്തമായിട്ടില്ല.