പൊങ്കാലക്കിടെ തലസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍മാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുണ്ടാത്തലവന്‍മാര്‍ക്ക് ഗുരുതര പരിക്ക്.ശ്രീകണ്ഠേശ്വരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപത്തെ അന്നദാന കേന്ദ്രത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലായിരുന്നു ആക്രമണം.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ശ്രീകണ്ഠേശ്വരം സ്വദേശി ലുട്ടാപ്പി സതീഷിനും (43), ഇയാളുടെ പഴയ കൂട്ടാളിയും ഇപ്പോള്‍ എതിര്‍ചേരിയില്‍പ്പെട്ടയാളുമായ സന്തോഷിനും(38) വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരം കനത്ത പൊലീസ് കാവിലിലായിരിക്കെയാണ് ഇന്നലെ രാവിലെ 11.45 ഓടെ നഗരവാസികളെയും ഭക്തരെയും നടുക്കി ഗുണ്ടകള്‍ ഏറ്റുമുട്ടിയത്.

ലുട്ടാപ്പി സതീഷില്‍ നിന്ന് മുമ്ബ് പണം പലിശയ്ക്കെടുത്തതിലെ കൊടുക്കല്‍വാങ്ങലുകളെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലായിരുന്നു അക്രമം. പ്രദേശവാസിയായ ലുട്ടാപ്പി സതീഷ് അന്നദാന സ്ഥലത്തുണ്ടെന്നറിഞ്ഞ അക്രമികള്‍ ഇന്നോവ കാറില്‍ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു. സാമ്ബത്തിക ഇടപാടില്‍ കഴിഞ്ഞ ദിവസംഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. മൂന്നുപേരെ പൊലീസ് സംഘം നഗരത്തിലെ ഒളിത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നാണ് വാദം. ആറ്റുകാല്‍ പൊങ്കാല പോലുള്ള ഉത്സവ സീസണില്‍ ഗുണ്ടാ ഏറ്റുമുട്ടലുകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊങ്കാല നഗരിയില്‍ പൊലീസിന്റെ ജാഗ്രതക്കുറവാണ് സംഘര്‍ഷം രൂക്ഷമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *