സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കില്ല. പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. ഇന്ന് നടത്തിയ കൂടക്കാഴ്ചയില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറിനോടും നേതാവ് ഇക്കാര്യം വ്യക്തമാക്കി.
അതേസമയം ജി സുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം സുധാകരനെ പോയി കണ്ടത്. പാര്‍ട്ടി നേതൃത്വം വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.














