നയന സൂര്യയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍. മരിക്കുന്നതിന് ഒരാഴ്ച മുമ്ബ് നയന സൂര്യക്ക് മര്‍ദ്ദനമേറ്റിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വത്തോ, പണമിടപാടുമായോ ബന്ധപ്പെട്ടായിരുന്നു നയന സൂര്യക്കെതിരേയുളള ആക്രമണമെന്നാണ് വിവരം. പുതിയ വെളിപ്പെടുത്തല്‍ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെടുത്തുകയാണ്.

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരുവശം ചരിഞ്ഞ് കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഒരാള്‍ മര്‍ദ്ദിച്ചതാണെന്നും വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചതെന്നും നയന സുഹൃത്തിനോട് നയന പറഞ്ഞു. നയന മരിച്ചുകിടന്ന വാടക വീട്ടിലെത്തിയായിരുന്നു മര്‍ദ്ദനം. മരിക്കുന്നതിന് ഏതാനും ദിവസം മുമ്ബ് ഫോണില്‍ വിളിച്ച്‌ ഒരാള്‍ നയനയെ ഭീഷണിപ്പെടുത്തിയതായും നയന ഉറ്റസുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

നയനയുടെ ഗുരുവും സംവിധായകനുമായ ലെനിന്‍ രാജേന്ദ്രന്‍ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേര്‍ന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. മരണശേഷം പൊലീസ് നയന സൂര്യയുടെ ഫോണ്‍കോളുകള്‍ പോലും പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്. നയനയുടെ ലാപ്പ്‌ടോപ്പിലെ ഡേറ്റ പൂര്‍ണമായും നശിപ്പിച്ച നിലയിലും മൊബൈല്‍ഫോണിലെ സന്ദേശങ്ങള്‍ നശിപ്പിച്ച നിലയിലുമാണ് വീട്ടുകാര്‍ക്ക് മടക്കി നല്‍കിയതെന്നും പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *