ഡാനിഷ് അലിയ്‌ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍


ലോക്‌സഭയില്‍ ബിജെപി എംപി രമേഷ് ബിധുരി സമാജ്‌വാദി പാര്‍ട്ടി എംപിയായ ഡാനിഷ് അലിയ്‌ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. രമേഷ് ബിധുരിയുടെ വിദ്വേഷ പ്രസംഗം നടത്തുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്‍ ചിരിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരണവുമായി എത്തിയത്.


തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം സൃഷ്ടിക്കാന്‍ ചിലര്‍ മെനഞ്ഞെടുത്ത കഥയാണിതെന്നും ഡല്‍ഹി ചാന്ദ്‌നി ചൗക്ക് എംപിയായ താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചത്. വിവാദ പ്രസംഗം നടക്കുമ്പോള്‍ താന്‍ സഭയില്‍ ഉണ്ടായിരുന്നെങ്കിലും രമേഷ് ബിധുരി പറഞ്ഞത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നാണ് എംപിയുടെ വാദം.രാഷ്ട്രീയ ലാക്കോടെ ചിലര്‍ തന്റെ പേര് സംഭവത്തില്‍ വലിച്ചിഴച്ചത് ദുഃഖവും അപമാനവും ഉണ്ടാക്കിയെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. ചാന്ദിനി ചൗക്കിലെ ഗല്ലിയില്‍ മുസ്ലീം സുഹൃത്തുക്കളോടൊപ്പമാണ് താന്‍ കളിച്ച് വളര്‍ന്നത്.


മുസ്ലീം വിഭാഗത്തിലുള്ളവര്‍ തനിക്ക് സഹോദരങ്ങളെപോലെയാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.ചാന്ദ്‌നി ചൗക്കില്‍ നിന്ന് മത്സരിച്ച് വിജയിച്ചതില്‍ സന്തോഷവാനാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിക്കിടെയാണ് ലോക്‌സഭയിലെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസം ഡാനിഷ് അലിയെ ബിധുരി മതപരമായി അധിക്ഷേപിച്ചത്.



Sharing is Caring